തൃശൂർ: ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച പന്നിഫാമിലെ 150 പന്നികളെ ശാസ്ത്രീയമായി കൊന്നൊടുക്കി സംസ്‌ക്കരിച്ചു. ചാലക്കുടി പരിയാരം പഞ്ചായത്തിലെ തൂമ്പാക്കോടുള്ള പനി സ്ഥിരീകരിച്ച പന്നി ഫാമിലെ 150 പന്നികളെയാണ് കൊന്നൊടുക്കിയത്. ജില്ലാ കളക്ടറുടെ നിർദേശപ്രകാരം ആരോഗ്യ പ്രോട്ടോകോൾ പാലിച്ച് 30 അംഗ സംഘമാണ് പന്നികളെ കൊന്ന് സംസ്‌കരിച്ചത്.

പഞ്ചായത്തിലെ 12-ാം വാർഡിൽ എം.എൻ ജോസിന്റെ ഉടമസ്ഥയിലുള്ളതാണ് തുമ്പാക്കോടുള്ള പന്നിഫാം. ഈ ഫാമിലെ 105 പന്നികൾ കഴിഞ്ഞ ഒരുമാസത്തിനുള്ളിൽ പല തവണകളിലായി ചത്തൊടുങ്ങിയിരുന്നു. പന്നികൾ ചത്തപ്പോൾ ആദ്യം സാധാരണ പനിയാണെന്ന് കരുതി ഫാമിലെ മറ്റുപന്നികൾക്ക് വാക്സിനേഷനും നല്കി. എന്നാൽ രണ്ടാഴ്ച മുമ്പ് 35 പന്നികൾ കൂട്ടത്തോടെ ചത്തതോടെയാണ് ആഫ്രിക്കൻ പന്നിപ്പനിയാണോയെന്ന സംശയം ഉയർന്നത്.

തുടർന്ന് നടത്തിയ പരിശോധനയിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച ഫാമിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മറ്റ് ഫാമുകളെല്ലാം അടച്ചുപൂട്ടിയിട്ടുണ്ട്. ഈ ഫാമിന് പത്ത് കിലോമീറ്റർ ചുറ്റളവ് രോഗനിരീക്ഷണ മേഖലയായി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടിട്ടുണ്ട്. ഈ മേഖലയിൽ നിന്നും പന്നികളേയും പന്നിമാംസവും വിതരണം ചെയ്യുന്നതും കടകളിൽ പന്നിമാംസം വിൽപന നടത്തുന്നതും നിരോധിച്ചിട്ടുണ്ട്. പന്നികൾ, പന്നിമാംസം, തീറ്റ എന്നിവ ജില്ലയിലെ മറ്റുപ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതും മറ്റ് പ്രദേശങ്ങളിൽ നിന്നും രോഗബാധിത മേഖലയിലേക്ക് കൊണ്ടുവരുന്നതും വിലക്കിയിട്ടുണ്ട്.

പരിയാരം,കോടശ്ശേരി, മറ്റത്തൂർ, അതിരപ്പിള്ളി, കൊരട്ടി, മേലൂർ, കാടുകുറ്റി എന്നീ പഞ്ചായത്തുകളും ചാലക്കുടി മുനിസിപ്പാലിറ്റിയുമാണ് നിരീക്ഷണ മേഖലയിൽ ഉൾപ്പെടുന്നത്. ചീഫ് വെറ്റിനറി ഓഫീസർ അബ്ദുൾ ഹക്കിം, വെറ്റിനറി ഡോക്ടർമാരായ ജൻ ജോസഫ്, പ്രകാശ്, സുനിൽ എന്നിവരുടെ നേതൃത്വത്തിലാണ് നടപടികൾ നടന്നത്. കഴിഞ്ഞ മാസം കോടശ്ശേരി പഞ്ചായത്തിലെ മാച്ചിറയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചിരുന്നു. കുറച്ച് നാളുകൾക്ക് മുമ്പ് അതിരപ്പിള്ളിയിലെ പന്നി ഫാമിൽ പനി സ്ഥിരീകരിച്ചിട്ടുണ്ട്. അടച്ചുപൂട്ടിയ പന്നി ഫാമുകൾക്ക് ഇനി ആറ് മാസത്തിന് ശേഷമേ തുറന്ന് പ്രവർത്തിക്കാനാകൂ.