ന്യൂഡൽഹി: ലോക്‌സഭ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ഇരുപത് സീറ്റിലും യു.ഡി.എഫ് വിജയിക്കുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിലെ കോൺഗ്രസ് നേതാക്കളുമായി നടത്തിയ ചർച്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

20 ലോക്‌സഭ സീറ്റുകളാണ് സംസ്ഥാനത്തുള്ളത്. കഴിഞ്ഞ തവണ 20ൽ 19 സീറ്റിലും യു.ഡി.എഫ് വിജയം നേടിയിരുന്നു. വരുന്ന തെരഞ്ഞെടുപ്പിൽ 20 സീറ്റിലും വിജയിക്കുമെന്ന് സംസ്ഥാനത്തെ നേതാക്കൾ ഉറപ്പു നൽകിയിട്ടുണ്ട്. രാജ്യത്തെ നിലവിലെ അവസ്ഥയിൽ കേരള ജനത ആശങ്കയിലാണെന്നും കെ.സി വേണുഗോപാൽ മാധ്യമങ്ങളോട് വ്യക്തമാക്കി.

കേരളത്തിൽ നിന്നുള്ള ലോക്‌സഭ, രാജ്യസഭ കോൺഗ്രസ് എംപിമാർ, മുതിർന്ന നേതാക്കൾ അടക്കമുള്ളവർ പങ്കെടുത്ത യോഗത്തിൽ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളും പ്രധാന വിഷയങ്ങളും ചർച്ചയായി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, എ.കെ ആന്റണി, രമേശ് ചെന്നിത്തല എന്നിവർ പങ്കെടുത്തു.