മട്ടന്നൂർ: പോയന്റ് ഓഫ് കോൾ പദവി കേന്ദ്രസർക്കാർ നിഷേധിച്ചതിൽ പ്രതിസന്ധിയിലായ കിയാൽ അതിജീവനത്തിനായി പുതുവഴികൾ തേടുന്നു. വിദേശവിമാന സർവീസുകൾക്ക് അനുമതി നൽകുന്നതിൽ കേന്ദ്രസർക്കാർ പച്ചക്കൊടി കാട്ടാത്തതിനെ തുടർന്നാണ് യാത്രക്കാരെ ആകർഷിക്കാൻ വിദേശവിമാനകമ്പിനികളുടെ സഹായത്തോടെ പുതുസാധ്യതകൾ തേടുന്നത്.

വിദേശ വിമാനസർവീസുകൾക്ക് അനുമതിയില്ലാത്ത കണ്ണൂർ രാജ്യാന്തര വിമാനത്താവളം ബദൽ മാർഗത്തിലൂടെ വിദേശയാത്രക്കാർക്ക് സൗകര്യമൊരുന്നതിനാണ് ഒരുങ്ങുന്നത്. കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് യൂറോപ്പ് ഉൾപ്പെടെ ലോകത്തിന്റെ വിവിധ കോണുകളിലേക്ക് പറക്കാൻ സൗകര്യമൊരുക്കിയിരിക്കുകയാണ് വിമാനകമ്പികൾ. ഇൻഡിഗോ എയർലൈൻസ്. മുംബൈ, ബെംഗളൂരു, ചെന്നൈ വിമാനത്താവളങ്ങളിൽ നിന്നു കണക്ഷൻ ഫ്ളൈറ്റുകൾ വഴിയാണ് വിദേശയാത്രസജ്ജീകരിച്ചിരിക്കുന്നത്. കണ്ണൂരിൽ നിന്നു നേരിട്ട് ഇവിടേക്കുള്ളടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കും.

ടർക്കിഷ് എയർലൈൻസുമായുള്ള കോഡ് ഷെയറിങ് ധാരണ പ്രകാരമാണ് യാത്രക്കാർക്ക് ഇസ്തംബുൾ വഴി യൂറോപ്പിലേക്ക് പറക്കാൻ ഇൻഡിഗോ എയർലൈൻസ് അവസരം ഒരുക്കുന്നത്. 24 രാജ്യങ്ങളിലെ വിമാനത്താവളങ്ങളിലേക്ക് ഇതുവഴി കണ്ണൂരിൽ നിന്നു പറക്കാൻ സാധിക്കും. കണ്ണൂരിൽ കോഡ് ഷെയറിങ്ങിന് വ്യോമയാന മന്ത്രാലയം അനുമതി നൽകാത്തതിനാൽ അനുമതിയുള്ള വിമാനത്താവളങ്ങളിലെത്തി അവിടെ നിന്നാണ് കണക്ഷൻ ഫ്ളൈറ്റ് വഴി തുടർയാത്ര സാധ്യമാകൂ. അതുകൊണ്ടു തന്നെ യൂറോപ്പ് യാത്രയ്ക്ക് രണ്ടു വിമാനത്താവളങ്ങളിൽ ലേ ഓവർ വേണ്ടി വരും. ഒരു ദിവസത്തിലേറെ സമയവും.

ഇൻഡിഗോയുടെ ഹബ് ആയ മുംബൈയിലും ടർക്കിഷ് എയർലൈൻസിന്റെ ഹബ് ആയ ഇസ്താംബുളിലുമാണ് ലേ ഓവർ.ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിലേക്ക് ഒരു ദിവസവും മൂന്നര മണിക്കൂറുമാണ് വേണ്ടത്. ഇൻഡിഗോ വിമാനങ്ങൾ സർവീസ് നടത്തുന്ന അയൽ രാജ്യങ്ങളിലേക്കു പറക്കാൻ ഒരിടത്ത് ലേ ഓവർ മതി.

കൊളംബോയിലേക്ക് ബെംഗളൂരു വഴി 6 മണിക്കൂറും മാലിയിലേക്ക് ബെംഗളൂരു വഴി 6.15 മണിക്കൂറും സിംഗപ്പൂരിലേക്കു ചെന്നൈ വഴി 11.45 മണിക്കൂറും ഫുക്കറ്റിലേക്ക് ബെംഗളൂരു, ഡൽഹി വഴി 16.35 മണിക്കൂറുമാണ് സമയം വേണ്ടിവരുന്നത്. രാജ്യാന്തര യാത്രക്കാരുടെ സൗകര്യംകൂടി കണക്കിലെടുത്ത് കണ്ണൂരിൽ നിന്ന് മുംബൈയിലേക്ക് 222 സീറ്റുകളുള്ള എയർബസ് എ321 വിമാനമാണ് ഇനി മുതൽ സർവീസ് നടത്തുക.

നെതർലൻഡ്സ്, ഗ്രീസ്, തായ്‌ലൻഡ്, ബൽജിയം, ഹംഗറി, ഡെന്മാർക്ക്, അയർലൻഡ്, വിയറ്റ്നാം, മാൾട്ട, ചെക് റിപ്പബ്ലിക്, ഇസ്രയേൽ, ഓസ്ട്രിയ, സ്വിറ്റ്സർലൻഡ്, ഇംഗ്ലണ്ട്, പോർച്ചുഗൽ, സ്പെയിൻ, ഇറ്റലി, ബൾഗേറിയ, കെനിയ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലേക്കും അയൽരാജ്യങ്ങളായ ശ്രീലങ്ക, നേപ്പാൾ, മാലി, ബംഗ്ലാദേശ് എന്നിവിടങ്ങളിലേക്കുമെല്ലാം ടിക്കറ്റ് ലഭ്യമാവും.

കഴിഞ്ഞ സാമ്പത്തിക വർഷം 131.98 കോടിയുടെ നഷ്ടമാണ് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിനുണ്ടായിട്ടുള്ളത്. എയർപോർട്ട് അഥോറിറ്റിയുടെ കീഴിലുള്ള 125 വിമാനത്താവളത്തിൽ പതിനേഴു വിമാനത്താവളങ്ങൾമാത്രമാണ് സാമ്പത്തികമായ ലാഭം കൊയ്തത്.2018 ഡിസംബർ 19-നായിരുന്നു കണ്ണൂർവിമാനത്താവളത്തിൽ നിന്നും അബുദാബിയിലേക്ക് ആദ്യവിമാനം പറന്നുയർന്നത്. പത്തുമാസത്തിനുള്ളിൽ പ്രതിദിനം അൻപതു സർവീസ് വരെ കണ്ണൂരിൽ നിന്നും നടത്തിയിരുന്നു. ആഴ്‌ച്ചയിൽ 65 രാജ്യാന്തര സർവീസെന്ന നേട്ടവും കിയാൽ സ്വന്തമാക്കി. എന്നാൽ അഞ്ചുവർഷം പൂർത്തിയാകുമ്പോൾ സംസ്ഥാനത്ത് ഏറ്റവും നഷ്ടത്തിലുള്ള വിമാാനത്താവളമെന്ന ദുഷ്പേരാണ് കണ്ണൂരിനുള്ളത്.

രാജ്യത്ത് കുറഞ്ഞ നിരക്കിൽ സർവീസ് നടത്തുന്ന ഗോഫസ്റ്റ് വിമാനങ്ങൾ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സർവീസ് നിർത്തിയതാണ് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന് തിരിച്ചടിയായി മാറിയത്. അബുദാബി, കുവൈറ്റ്, ദമാം, മസ്‌കറ്റ് എന്നിവടങ്ങളിലേക്കും തിരികെയുള്ള ആഭ്യന്തര അന്താരാഷ്ട്രസർവീസുകൾ ഉൾപ്പെടെയുള്ളദിനംപ്രതി എട്ടു സർവീസുകളാണ് ഗോഫസ്റ്റ് കണ്ണൂർ വിമാനത്താവളം വഴി നടത്തിയിരുന്നത്. കുവൈറ്റ്, ദമാം വിമാനത്താവളങ്ങളിലേക്ക് കണ്ണൂരിൽ നിന്നും സർവീസ് നടത്തിയിരുന്ന ഏക വിമാനകമ്പിനിയും ഗോഫസ്റ്റായിരുന്നു.

ഗോഫസ്റ്റ്സർവീസ് നിർത്തിയതോടെ കണ്ണൂരിൽ നിന്നും പ്രതിമാസം 240 സർവീസുകളുടെ കുറവുണ്ടായി. ഇതുകിയാലിന്റെ വരുമാനത്തെ വലിയ തോതിൽ ബാധിച്ചു. ശരാശരി പതിമൂന്ന് ലക്ഷം രൂപയാണ് ഗോഫസ്റ്റ് കിയാലിന് നൽകി വന്നിരുന്നത്. ഒരുമാസം നാലുകോടിയോളം രൂപ ഇതുവഴി നഷ്ടമായി. വലിയ വിമാനങ്ങളുപയോഗിച്ചു രാജ്യാന്തര സർവീസുകൾ നടത്തിവന്നിരുന്ന എയർ ഇന്ത്യയുടെ പിന്മാറ്റവും കിയാലിന് തിരിച്ചടിയായി. 2420 കോടി നിർമ്മാണ ചെലവു വരുന്ന കണ്ണൂർ വിമാനത്താവളത്തിന്റെ വായ്പാതിരിച്ചടവ് അടക്കം ഇതോടെ മുടങ്ങുകയും ദൈനംദിന ചെലവുകൾക്കു പോലും പണം കണ്ടെത്താനാവാതെ കിയാൽ ദുരിതത്തിലാവുകയുംചെയ്തു.