കണ്ണൂർ: തലശേരി താലൂക്കിൽ രാഷ്ട്രീയ സംഘർഷങ്ങളിലും മയക്കുമരുന്ന് വിൽപനയിലും സജീവമായിരുന്ന ക്രിമിനലുകളെ അടിച്ചമർത്താൻ കടുത്ത നടപടിയുമായി കണ്ണൂർ ജില്ലാ പൊലീസ്. തലശേരി താലൂക്കിലെ വിവിധ സ്ഥലങ്ങളിൽ കുറ്റകൃത്യങ്ങൾ നടത്തി പൊലീസിനും നാട്ടുകാർക്കും തീരാതലവേദനയായ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായവരെ കാപ്പ ചുമത്തി കൂട്ടത്തോടെ ജയിലിൽ അടയ്ക്കുകയും നാടുകടത്തുകയുംചെയ്തു വരികയാണ്.

പൊലീസിന്റെ കാപ്പ ബുൾഡോസർ രാജിനിരയായവരിൽ സി.പി. എം സൈബർ പോരാളി ആകാശ് തില്ലങ്കേരിയുൾപ്പെടെയുള്ളവരുണ്ട്. കാപ്പകേസിൽ പ്രതിയായ ആകാശ് തില്ലങ്കേരി വിയ്യൂർ ജയിലിലാണുള്ളത്. ഏറ്റവും ഒടുവിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പാനൂർ സ്വദേശിയായ യുവാവിനെ പാനൂർ പൊലീസ് കാപ്പചുമത്തി അറസ്റ്റു ചെയ്തു നാടുകടത്തി.

പന്ന്യന്നൂർ കണിയാൻങ്കണ്ടി വീട്ടിൽ രാഗേഷിനെയാ(43)ണ് വ്യാഴാഴ്‌ച്ച രാവിലെ പത്തുമണിക്ക് പന്ന്യന്നൂരിൽ നിന്നും അറസ്റ്റു ചെയ്തു പാനൂർ പൊലിസ് ജില്ലയ്ക്കു പുറത്തേക്ക് നാടുകടത്തിയത്. ഇയാൾക്കെതിരെ പാനൂർ പൊലിസ് സ്റ്റേഷനിൽ സ്ഫോടക വസ്തു കൈക്കാര്യം ചെയ്യുൽ, ഭവനഭേദനം, ലഹള നടത്തൽ, അന്യായമായി തടഞ്ഞുവയ്ക്കൽ, ദേഹോപദ്രവമുണ്ടാക്കാൽ എന്നിങ്ങനെ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ ആർ. അജിത്ത് കുമാറിന്റെ റിപ്പോർട്ടു പ്രകാരം കണ്ണൂർ റെയ്ഞ്ച് ഡി. ഐ.ജിയാണ് പ്രതിയെ നാടുകടത്താൻ ഉത്തരവിട്ടത്.

കണ്ണൂർ ജില്ലയിൽ പ്രവേശിക്കുന്നതിനും ജില്ലയിൽ ഏതെങ്കിലും തരത്തിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുത്തുന്നതും തടഞ്ഞുകൊണ്ടാണ് ഉത്തരവായത്.നിരന്തരം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിവരുന്നവർക്കെതിരെയും ജനങ്ങളുടെ സമാധാന ജീവിതത്തിന് തടസ്സം നിൽക്കുന്നവരെയും നിരീക്ഷിച്ച് കണ്ണൂർ സിറ്റി പൊലീസ് ശക്തമായ നടപടി സ്വീകരിച്ച് വരികയാണെന്ന് കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർആർ. അജിത്ത്കുമാർ അറിയിച്ചു.

2022,2023 വർഷത്തിൽ സാമൂഹ്യ വിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി പാനൂരിൽ 18 പേരെയാണ് കാപ്പ ചുമത്തി നാടുകടത്തുയോ, ജയിലിൽഅടയ്ക്കുകയോ ചെയ്തത്.ഇതിൽ സിപിഎം-ബിജെപി പ്രവർത്തകരാണ് ഗുണ്ടാ, റൗഡി പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്.കെ സി മുക്കിലെ അഷിൻ, കെ സി മുക്കിലെ അരുൺ ഭാസ്‌ക്കർ, കുനുമ്മൽ ശ്യാംജിത്ത്, എലാങ്കോട് ആദർശ്, കുറ്റേരിയിലെ ഷിബിൻ, രാജേഷ്, ജിനേഷ്, ചെണ്ടയാട് അമൽ രാജ്, പാത്തിപാലത്തെ പ്രവീൺ, മുത്താറിപ്പീടിക ഷുബിൻ, പന്ന്യന്നൂർ അനിൽ കുമാർ, സിൽജിത്ത്, കെ സി മുക്കിലെ സജീവൻ, ചമ്പാട് ജിസിൻ, ചമ്പാട് കെ.കെ.രാഗേഷ്, കെ.എം.വിഷ്ണു, കണ്ണം വെള്ളി ശ്രീലാൽ, കൂറ്റേരി റോഷിത്ത് എന്നിവരാണ് കാപ്പ നിയമത്തിൽ ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ ചിലർ കാപ്പ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുകയും, അപ്പീലിൽ ശിക്ഷ ഇളവ് ലഭിച്ചവരുമാണ്. കുഴൽപ്പണം തട്ടിപ്പറിക്കൽ, ക്വട്ടേഷൻ മറ്റ് അക്രമങ്ങൾ എന്നിവയിൽ ഉൾപ്പെട്ടവരാണ് ഏവരും.ഇതിൽ രാഷ്ട്രീയ അക്രമണ കേസിലെ പ്രതികളും കാപ്പയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഈയിടെ കോൺഗ്രസ് ബിജെപി സംഘർഷം നടന്ന പന്ന്യന്നൂരിലെ ബിജെപി പ്രവർത്തകരും കാപ്പയുടെ പരിധിയിൽ ഉൾപ്പെട്ടിട്ടുണ്ട്