വിഴിഞ്ഞം: കോൺക്രീറ്റ് മിക്‌സിങ് യന്ത്രം വൃത്തിയാക്കുമ്പോൾ അബദ്ധത്തിൽ കൈ കുടുങ്ങിയ യുവാവിനെ കൈ മുറിച്ച് രക്ഷപ്പെടുത്തി. പൂവാർ തിരുപുറം കോളനിയിൽ പരേതനായ ഡെന്നിസൺ-സുലോചന ദമ്പതിമാരുടെ മകൻ മനു(31)വിനാണ് വലതു കൈ മുട്ടിനു മുകളിൽ വച്ചു നഷ്ടമായത്. ഇന്നലെ വൈകിട്ടോടെയാണ് ദാരുണ സംഭവം. മെഷീൻ പ്രവർത്തിച്ചിരുന്നതാണ് അപകടത്തിനിടയാക്കിയതെന്ന് ഒപ്പമുള്ളവർ പറഞ്ഞു.

വിഴിഞ്ഞത്തു നഗരസഭയുടെ നടപ്പാത കോൺക്രീറ്റ് ജോലിക്ക് എത്തിയതായിരുന്നു മനു. ജോലി കഴിഞ്ഞു കോൺക്രീറ്റ് മിക്‌സിങ് യന്ത്രം വൃത്തിയാക്കുമ്പോൾ കൈ കുടുങ്ങുകയായിരുന്നു. ഒരു മണിക്കൂറിലേറെ പ്രാണവേദന അനുഭവിച്ച യുവാവിനെ ഒടുവിൽ കൈമുറിച്ചു നീക്കി രക്ഷപ്പെടുത്തുകയായിരുന്നു. കോൺക്രീറ്റ് മിക്‌സിങ് യന്ത്രം ചാക്ക് ഉപയോഗിച്ചു കഴുകി വൃത്തിയാക്കുമ്പോൾ യന്ത്രത്തിന്റെ കുടം പോലുള്ള കറങ്ങുന്ന ഭാഗത്തിന്റെ പുറമേയുള്ള പല്ലുകൾക്കിടയിലാണു യുവാവിന്റെ കൈ കുടുങ്ങിയത്.

ഇന്നലെ വൈകിട്ട് നാലരയോടെയാണ് അപകടം. ഒരു മണിക്കൂറോളം യുവാവിന് വലതു കൈ പകുതിയിലേറെ ഉള്ളിലകപ്പെട്ടു അമിത വേദനയനുഭവിച്ചു നിൽക്കേണ്ടി വന്നു. കൈപ്പത്തി ഭാഗം മുറിഞ്ഞു മാറിയ നിലയിലായിരുന്നു. ഒപ്പമുണ്ടായിരുന്നവർ രക്ഷപ്പെടുത്താൻ ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ല. വിഴിഞ്ഞത്തു നിന്നു അഗ്‌നിരക്ഷാസേന എത്തിയെങ്കിലും യന്ത്രവും കൈയുമായി വേർപെടുത്താനുള്ള ശ്രമം വിജയിച്ചില്ല.

പിന്നീട് വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നിന്നു ഡോ.എസ്.ആമിനയുടെ നേതൃത്വത്തിലുള്ള ആരോഗ്യ സംഘമെത്തി. ഉള്ളിലകപ്പെട്ട കൈ ഭാഗം പൂർവസ്ഥിതിയിൽ പുറത്തേക്കെടുക്കാൻ കഴിയാത്തതു മനസ്സിലാക്കി മരവിപ്പിച്ച ശേഷം മുറിച്ചു നീക്കി യുവാവിനെ രക്ഷപ്പെടുത്തുകയായിരുന്നു. രക്തം വൻ തോതിൽ വാർന്ന് അവശ നിലയിൽ നിന്ന യുവാവിനു വൈദ്യ സംഘം എത്തുന്നതു വരെ ഗ്ലൂക്കോസും വെള്ളവും നൽകി ആശ്വസിപ്പിച്ചു നിർത്തി. യുവാവിനെ മെഡിക്കൽകോളജ് ആശുപത്രിയിലെത്തിച്ചു.