- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാൽപ്പത്തഞ്ചുദിവസമായി ഇറാനിലെ ജയിലിൽ; 11 മീൻ പിടുത്തക്കാരിൽ എട്ടുപേർ ജയിൽ മോചിതരായി: മറ്റുള്ളവരും ഉടൻ പുറത്തിറങ്ങും
ഷാർജ: മീൻ പിടിക്കവെ സമുദ്രാതിർത്തി ലംഘിച്ചെന്ന കാരണത്താൽ നാല്പത്തഞ്ചുദിവസമായി ഇറാനിലെ ജയിലിൽ കഴിയുന്ന മലയാളികളടക്കമുള്ള 11 മീൻപിടിത്തക്കാരിൽ എട്ടുപേർ ജയിൽമോചിതരായി. ആറുമലയാളികളും രണ്ടു തമിഴ്‌നാട്ടുകാരുമാണ് ജയിലിൽനിന്ന് പുറത്തിറങ്ങിയത്. മറ്റുള്ളവരുടെ മോചനവും ഉടൻ സാധ്യമാകും. ഒരു മലയാളിയും ഒരു തമിഴ്‌നാട്ടുകാരനും യു.എ.ഇ. സ്വദേശിയുമാണ് ഇനി പുറത്തിറങ്ങാനുള്ളത്.
തിരുവനന്തപുരം അഞ്ചുതെങ്ങ് മാമ്പള്ളി സ്വദേശികളായ സാജു ജോർജ് (50), ആരോഗ്യരാജ് വർഗീസ് (43), സ്റ്റാൻലി വാഷിങ്ടൺ (43), ഡിക്‌സൺ ലോറൻസ് (46), ഡെന്നിസൺ പൗലോസ് (48), അടൂർ സ്വദേശി ഷംസീർ അബ്ദുൽ റഹ്‌മാൻ (49) എന്നിവരാണ് മോചിപ്പിക്കപ്പെട്ട മലയാളികൾ. കൊല്ലം പരവൂർ സ്വദേശി ഷാഹുൽ ഹമീദ് ബദറുദ്ദീൻ (49) ആണ് ജയിലിലുള്ളത്. ജയിൽ മോചിതരായ വിവരം ഇവർ ബുധനാഴ്ച കുടുംബാംഗങ്ങളെ വിളിച്ചറിയിച്ചു. ദിവസങ്ങൾക്കുള്ളിൽ മറ്റു മൂന്നുപേരും മോചിതരാകുമെന്ന് സാജു ജോർജ് പറഞ്ഞു.
ജയിൽമോചിതരായവർക്ക് ടെഹ്‌റാനിലെ ഇന്ത്യൻ എംബസി ആഹാരവും താമസസൗകര്യവുമൊരുക്കിയിട്ടുണ്ട്. ഇറാൻ അധികൃതരുടെ ഭാഗത്തുനിന്ന് കേസ് അവസാനിപ്പിച്ച് പരമാവധി രണ്ടാഴ്ചയ്ക്കുള്ളിൽ എല്ലാവർക്കും യു.എ.ഇ.യിൽ തിരിച്ചെത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷ. അജ്മാൻ കടലിൽ മീൻപിടിക്കാനിറങ്ങിയ 11 പേർ കാറ്റിൽ ബോട്ടിന്റെ ദിശമാറി ഇറാൻ സമുദ്രാതിർത്തി കടന്നതിനെത്തുടർന്ന് ജൂൺ 18-നാണ് പിടിയിലായത്. നിയമവിരുദ്ധമായി സമുദ്രാതിർത്തി കടന്നെന്നാണ് കുറ്റം. ഇവർ സഞ്ചരിച്ച ജെ.എഫ്. 40 എന്ന ബോട്ടും ഇറാന്റെ കസ്റ്റഡിയിലാണ്.



