കണ്ണൂർ: ആയിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ പൊലീസുകാരനെ അറസ്റ്റു ചെയ്ത് വിജിലൻസ്. ചക്കരക്കൽ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ഉമർ ഫറൂഖിനെയാണ് വിജിലൻസ് പിടികൂടിയത്. പാസ്പോർട്ട് വെരിഫിക്കേഷൻ നടത്താൻ ചക്കരക്കൽ സ്വദേശിയായ യുവാവിൽ നിന്നാണ് ഉമർ ഫറൂഖ് കൈക്കൂലി വാങ്ങിയതെന്ന് വിജിലൻസ് അറിയിച്ചു.

കണ്ണൂർ വിജിലൻസ് യൂണിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് 1,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഉമർ ഫറൂഖിനെ പിടികൂടിയത്. വിജിലൻസ് സംഘത്തിൽ ഇൻസ്പെക്ടർമാരായ അജിത് കുമാർ, വിനോദ്, പി.ആർ മനോജ്, സബ് ഇൻസ്പെക്ടർ ഗിരീഷ്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ രാധാകൃഷ്ണൻ, പ്രവീൺ, ബാബു, നിജേഷ്, സി.പി.ഒ സുകേഷ് എന്നിവരുമുണ്ടായിരുന്നു.