- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു മണിക്കൂർനേരം യുവതിയുടെ കടയിൽ പാദരക്ഷകൾ വിലകുറച്ച് വിറ്റു; വിലകുറച്ച് വിറ്റതിന് ചെരിപ്പുകടയുടമയായ യുവതിയെയും കുടുംബത്തെയും മർദിച്ചെന്ന് പരാതി;എസ് ഐക്കെതിരേ കേസ്
പോത്തൻകോട്: ചെരിപ്പുകടയുടമയായ യുവതിയെയും കുടുംബത്തെയും കടയിലെ സാധനങ്ങൾ വിലകുറച്ച് വിറ്റതിനു മർദിച്ചെന്ന പരാതിയിൽ എസ്‌ഐ.ക്കെതിരേ കേസെടുത്തു. ഇന്റലിജൻസ് എസ്‌ഐ.യായ ഫിറോസ് ഖാനെതിരേയാണ് പരാതി. എസ്‌ഐ.ക്കും മകനുമെതിരേ സ്ത്രീകൾക്കുനേരേയുള്ള അതിക്രമത്തിനും മർദനത്തിനുമാണ് കേസെടുത്തത്. അഞ്ചുമാസം മുൻപും സമാനമായ സംഭവം നടന്നതായും പിന്നീട് വ്യാപാരിവ്യവസായി സംഘടനകൾ ചേർന്ന് കേസ് ഒത്തുതീർപ്പാക്കിയതായും പരാതിക്കാരി പറഞ്ഞു
പോത്തൻകോട് ജങ്ഷനിൽ ചെരിപ്പുകട നടത്തുന്ന യുവതിക്കും ഭർത്താവിനും മകനുമാണ് മർദനമേറ്റത്. യുവതിയുടെ പരാതിയിലാണ് ഫിറോസ് ഖാനും മകൻ മുഹമ്മദ് ഫയാസിനുമെതിരേ പോത്തൻകോട് പൊലീസ് കേസെടുത്തത്. പരാതിക്കാരിയുടെ കടയോടുചേർന്ന് എസ്‌ഐ.യുടെ ബന്ധുവും ചെരിപ്പുകട നടത്തുന്നുണ്ട്. ബന്ധുവിന്റെ പേരിലാണെങ്കിലും കട എസ്‌ഐ.യുടേതാണെന്ന് മർദനമേറ്റവർ ആരോപിക്കുന്നു. ഞായറാഴ്ച ഒരു മണിക്കൂർനേരം യുവതിയുടെ കടയിൽ പാദരക്ഷകൾ വിലകുറച്ച് വിറ്റിരുന്നു.
കടയിൽ കൂടുതൽ ആളുകളെത്തിയതിന്റെ വിരോധത്തിൽ ഫിറോസ് ഖാനും മകനും ചേർന്ന് കടയിലെത്തി യുവതിയുടെ ഭർത്താവിനെ മർദിച്ചെന്നും തടയാൻ ശ്രമിച്ചപ്പോൾ യുവതിയെയും മകനെയും മർദിച്ചെന്നുമാണ് പരാതി. തറയിൽ വീണ യുവതിയെ ഫിറോസ് തറയിലിട്ടു ചവിട്ടിയതായും പരാതിയിൽ പറയുന്നു. മർദനത്തിൽ പരിക്കേറ്റ യുവതിയും കുടുംബവും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.



