കൊച്ചി: പണം കടം വാങ്ങിയതിനെ തുടർന്നുള്ള തർക്കത്തിൽ യുവാവിന്റെ കഴുത്ത് ബ്ലേഡ് കൊണ്ട് കീറിയ കേസിൽ രണ്ടുപേർ പിടിയിൽ. പടമുകൾ കുരീക്കോട് വീട്ടിൽ നാദിർഷ (24), പടമുകൾ പള്ളിപ്പറമ്പിൽ വീട്ടിൽ അബിനാസ് (23) എന്നിവരെയാണ് തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അബ്ദുൽറാസിക് ആശുപത്രിയിലാണ്.

പടമുകൾ പാലച്ചുവട് ജങ്ഷന് സമീപം നിൽക്കുകയായിരുന്ന അബ്ദുൽറാസികിനെ ഓട്ടോറിക്ഷയിലെത്തിയാണ് പ്രതികൾ ആക്രമിച്ചത്. കല്ലുകൊണ്ട് തലയിൽ ഇടിക്കുകയും പിന്നീട് കഴുത്തിൽ ചുറ്റിപ്പിടിച്ച് ബ്ലേഡ് കൊണ്ട് കഴുത്ത് മുറിക്കുകയുമായിരുന്നുവെന്നാണ് കേസ്. പ്രതികളായ നാദിർഷയും അബിനാസും മയക്കുമരുന്ന് ഉൾപ്പെടെ നിരവധി കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് തൃക്കാക്കര സിഐ. ആർ. ഷാബു പറഞ്ഞു. ഇവർക്കെതിരേ കരുതൽ തടങ്കൽ ഉൾപ്പെടെയുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.