ന്യൂഡൽഹി: ജമ്മു കശ്മീരിന് എപ്പോൾ സംസ്ഥാനപദവി മടക്കി നൽകാനാകുമെന്ന് ആരാഞ്ഞ് സുപ്രീം കോടതി? ഇതിനുള്ള സമയപരിധി വ്യക്തമാക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. ജമ്മു കശ്മീരിനു പ്രത്യേക പദവി നൽകിയിരുന്ന അനുച്ഛേദം 370 റദ്ദാക്കിയതിനെതിരെയുള്ള ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. ഇതുസംബന്ധിച്ചുള്ള പുരോഗതി വ്യക്തമാക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു.

ജമ്മു കശ്മീർ, ലഡാക്ക് എന്നീ പുതിയ കേന്ദ്രഭരണ പ്രദേശങ്ങൾ രൂപീകരിച്ചത് താത്കാലികമാണെന്ന് കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിക്കുന്ന സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീംകോടതിയിൽ വ്യക്തമാക്കിയിരുന്നു. ''എത്ര നാളുകളിലേക്കാണിത്? എന്നാണ് ജമ്മു കശ്മീരിൽ തിരഞ്ഞെടുപ്പ് നടത്താനാകുക? ഒരു സംസ്ഥാനത്തെ എങ്ങനെ കേന്ദ്ര ഭരണ പ്രദേശമാക്കി മാറ്റാനായി എന്നത് വിശദീകരിക്കണം. ജനാധിപത്യം പുനഃസ്ഥാപിക്കേണ്ടത് പരമപ്രധാനമാണ്'' സുപ്രീം കോടതി വ്യക്തമാക്കി.

ഭരണഘടനയിലെ 370ാം വകുപ്പ് പ്രകാരം ജമ്മു കശ്മീരിനു പ്രത്യേക പദവി നൽകുന്നതും ജമ്മു കശ്മീർ, ലഡാക്ക് മേഖലകളിലെ സ്ഥിര താമസക്കാർക്ക് 35 എ വകുപ്പ് പ്രകാരം പ്രത്യേക അവകാശം നൽകുന്നതും റദ്ദാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ തീരുമാനിച്ചത് 2019 ഓഗസ്റ്റ് അഞ്ചിനാണ്. ഒക്ടോബർ 31ന് ജമ്മു കശ്മീർ, ലഡാക്ക് എന്നീ പുതിയ കേന്ദ്രഭരണ പ്രദേശങ്ങൾ രൂപീകരിച്ചു.

കേന്ദ്ര നടപടിക്കെതിരെ 21 ഹർജികളാണ് സുപ്രീംകോടതിക്കു മുന്നിലുള്ളത്. കേന്ദ്ര തീരുമാനം ഫെഡറൽ സംവിധാനത്തെ വെല്ലുവിളിക്കുന്നതാണെന്നാണ് ഹർജികളിൽ പറയുന്നത്.