കൊൽക്കത്ത: പ്രതിരോധവുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ ചോർത്തിനൽകുകയും ഇന്ത്യയിൽ ആക്രമണത്തിന് പദ്ധതിയിടുകയും ചെയ്ത പാക്കിസ്ഥാൻ ചാരനെ കൊൽക്കത്ത പൊലീസിന്റെ പ്രത്യേക ദൗത്യസേന (എസ്.ടി.എഫ്.) പിടികൂടി. ഭക്ത് ബാൻഷി ജാ (36) എന്ന യുവാവാണ് അറസ്റ്റിലായത്. റെയിൽവേ സ്റ്റേഷനും പ്രശസ്തമായ ക്ഷേത്രവും തകർക്കാൻ ഇയാൾ പദ്ധതിയിട്ടിരുന്നതായി പൊലീസ് പറഞ്ഞു. കഴിഞ്ഞയാഴ്ചയാണ് ഇയാളെ അറസ്റ്റുചെയ്തത്.

ബംഗാളിലെ ഹൗറയിലെ ഒരു റെയിൽവേസ്റ്റേഷനും അതോടു ചേർന്നുള്ള പ്രശസ്തമായ ഒരു ക്ഷേത്രവും തകർക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. ഇവയുടെ ചിത്രങ്ങൾ ഇയാൾ പാക്കിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു സ്ത്രീക്ക് അയച്ചുകൊടുത്തതായി ഫോൺ പരിശോധനയിൽ കണ്ടെത്തി. പ്രതിയെ ചോദ്യംചെയ്തതിൽനിന്നും മൊബൈൽ ഫോൺ പരിശോധിച്ചതിൽനിന്നുമാണ് അന്വേഷണോദ്യോഗസ്ഥർക്ക് നിർണായക വിവരങ്ങൾ ലഭിച്ചത്.

പാക് ആസ്ഥാനമായുള്ള ഭീകര സംഘടനയുമായി ഇയാൾ പലതവണ സാമൂഹിക മാധ്യമങ്ങൾ വഴി സന്ദേശങ്ങൾ കൈമാറിയതായും പൊലീസ് കണ്ടെത്തി. പാക് ഇന്റലിജൻസ് ഏജൻസിയിൽ പ്രവർത്തിക്കുന്ന സ്ത്രീയുമായി ഇയാൾ ബന്ധം സൂക്ഷിച്ചിരുന്നു. അതേസമയം, ബാൻഷി ജാ പാക്കിസ്ഥാനിൽ പോയിട്ടുണ്ടോ എന്നതിലും സ്ത്രീ ഇന്ത്യയിൽ വന്നിട്ടുണ്ടോ എന്നതിലും വ്യക്തത വന്നിട്ടില്ല. പൊലീസ് അന്വേഷണം നടക്കുകയാണ്.