തിരുവനന്തപുരം: കനത്തമഴയിൽ തിരുവനന്തപുരം ജില്ലയിലെ ആറ് താലൂക്കുകളിലായി 23 വീടുകൾ ഭാഗികമായി തകർന്നു. സെപ്റ്റംബർ 29 മുതൽ തുടരുന്ന മഴയിൽ നെടുമങ്ങാട് താലൂക്കിലെ 11 വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. ചിറയിൻകീഴ്, വർക്കല, കാട്ടാക്കട താലൂക്കുകളിൽ നാല് വീതം വീടുകൾക്കും ഭാഗികമായ കേടുപാടുണ്ടായി. മഴക്കെടുതി നേരിടുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടർ ജെറോമിക് ജോർജ് റവന്യൂ ഉൾപ്പെടെയുള്ള വകുപ്പുകൾക്ക് നിർദ്ദേശം നൽകി.

ചിറയിൻകീഴ് താലൂക്കിലെ മാമം അംഗൻവാടിയിൽ ഒരു ദുരിതാശ്വാസ ക്യാംപ് തുറന്നിട്ടുണ്ട്. ഇവിടെ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയുമാണ് താമസിക്കുന്നത്. ഒക്ടോബർ ഒന്നിന് വിതുര പൊന്നാംചുണ്ട് പാലത്തിന് സമീപം വാമനാപുരം നദിയിൽ കാണാതായ വിതുര സ്വദേശി സോമനെ(58) കണ്ടെത്താനുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

സെപ്റ്റംബർ 25 മുതൽ ഇന്നലെ വരെ പെയ്ത ശക്തമായ മഴയിൽ ജില്ലയിൽ 43.57 ലക്ഷത്തിന്റെ കൃഷിനാശമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ. 133 കർഷകരുടെ 6.89 ഹെക്ടറിലുള്ള വിവിധ കാർഷിക വിളകൾ നശിച്ചു. ഏറ്റവും കൂടുതൽ കൃഷിനാശമുണ്ടായത് നെയ്യാറ്റിൻകര ബ്ലോക്കിലാണ്.

ഇവിടെ 1.40 ഹെക്ടറിൽ 21 ലക്ഷം രൂപയുടെ കൃഷിനാശമുണ്ടായി. ആര്യൻകോട് ആറ് ലക്ഷം രൂപയുടെയും കാട്ടാക്കട 62,000 രൂപയുടെയും പാറശാലയിൽ 10 ലക്ഷം രൂപയുടെയും നഷ്ടമുണ്ടായതായി കൃഷി വകുപ്പ് അറിയിച്ചു. പുളിമാത്ത് 2.40 ലക്ഷം രൂപയുടെയും വാമനാപുരത്ത് 3.55 ലക്ഷം രൂപയുടെയും നഷ്ടമുണ്ടായതായും അധികൃതർ വ്യക്തമാക്കി.