കണ്ണൂർ:തലശേരി നഗരത്തിലേക്ക് ആന്ധ്രയിൽ നിന്നും സ്‌കൂട്ടറിൽ കടത്തിക്കൊണ്ടു വന്ന വൻ കഞ്ചാവ് ശേഖരവുമായി കണ്ണൂർ സിറ്റി സ്വദേശികളായ രണ്ടുപേർ അറസ്റ്റിൽ. പത്തുകിലോ കഞ്ചാവുമായി തലശേരിയിലെ സൈദാർപള്ളിയിലാണ് പൊലിസ് നടത്തിയ വാഹനപരിശോധനയിൽ കുടുങ്ങിയത്.

കണ്ണൂർ മരക്കാർക്കണ്ടി തയ്യിൽ സ്വദേശി സമീൽ ക്വാട്ടേഴ്‌സിലെ കെ പി സിയാദ് (36), മരക്കാർക്കണ്ടി നീർച്ചാൽ സ്വദേശി കെ വി ഫൈസൽ (34) എന്നിവരെയാണ് തലശേരി എസ്‌ഐ. സജേഷ് സി ജോസിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സ്‌ക്വാഡ് പിടികൂടിയത്. വാഹന പരിശോധനക്കിടെ ചൊവ്വാഴ്‌ച്ച പുലർച്ചെ ഒന്നരമണിയോടെ ദേശീയപാതയിലെ സെയ്ദാർ പള്ളിക്ക് സമീപം വച്ചാണ് ഇരുവരും പൊലീസ് പിടിയിലായത്.

ആന്ധ്രയിലെ രാജമുന്ധിയിൽ നിന്നും കഞ്ചാവുമായി വരുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ വാഹന പരിശോധനയിൽ കെ.എൽ.13.എ.ഡബ്ല്യു.7436 നമ്പർ സ്‌കൂട്ടറിൽ കടത്തുകയായിരുന്ന 10 കിലോഗ്രാം കഞ്ചാവ് ശേഖരമാണ് പൊലീസ് പിടികൂടിയത്.
വാഹനവും കഞ്ചാവ് ശേഖരവും പ്രതികളുടെ മൊബൈൽ ഫോണുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ പ്രതികളെ തലശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ്ചെയ്തു.