ബെൽഗാവ്: ജാതി സെൻസസുമായി ബന്ധപ്പെട്ട റിപ്പോർട്ട് സംസ്ഥാന സർക്കാരിനു സമർപ്പിക്കാൻ പിന്നാക്ക വിഭാഗം കമ്മിഷനോടു നിർദേശിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ജാതി സെൻസസ് റിപ്പോർട്ട് ലഭിച്ചാലടുനെ തന്നെ അതു പരിശോധനയ്ക്കു വിധേയമാക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു.

ചീഫ് സെക്രട്ടറിയുടെ ഒപ്പ് നേടിയശേഷം സമർപ്പിക്കാനാണ് നിർദേശിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇതു കർണാടകയിൽ വൻ രാഷ്ട്രീയ ചലനങ്ങൾക്കു വഴി വയ്ക്കുെമന്നാണു സൂചന.

2015ൽ എച്ച്. കാന്തരാജു പിന്നാക്ക വിഭാഗം ചെയർമാനായിരിക്കവേയാണ് റിപ്പോർട്ട് തയാറാക്കിയത്. ഇത് എച്ച്.ഡി.കുമാരസ്വാമി മുഖ്യമന്ത്രിയായിരുന്ന കാലയിളവിൽ സമർപ്പിക്കാൻ ശ്രമിച്ചിരുന്നെങ്കിലും സ്വീകരിച്ചില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. അന്നത്തെ ചീഫ് സെക്രട്ടറി റിപ്പോർട്ടിൽ ഒപ്പിട്ടില്ല.

ഓരോ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയും രേഖപ്പെടുത്തിയാണു സെൻസസ്. സെൻസസിൽ എസ്സി - എസ്ടി വിഭാഗത്തിനു ഭൂരിപക്ഷമെന്നാണു സൂചനകൾ. മുസ്ലിം വിഭാഗം രണ്ടാമതെന്നും ലിംഗായത്ത് വിഭാഗം മൂന്നാം സ്ഥാനത്തെന്നും വൊക്കലിംഗ സമുദായം നാലാം സ്ഥാനത്താണെന്നുമാണ് അനൗദ്യോഗിക വിവരം. 162 കോടി ചെലവിട്ടായിരുന്നു സെൻസസ് നടത്തിയത്.