കോഴിക്കോട്: ലോക് താന്ത്രിക് ജനതാദളും (എൽജെഡി) രാഷ്ട്രീയ ജനതാദളും (ആർജെഡി) തമ്മിലുള്ള ലയനസമ്മേളനം ഈ മാസം 12ന് കോഴിക്കോട് വച്ച് നടക്കും. ഡോ.റാം മനോഹർ ലോഹ്യയുടെ ഓർമദിനമായ 12ന് വൈകിട്ട് സരോവരം കാലിക്കറ്റ് ട്രേഡ് സെന്ററിലെ എം.കെ.പ്രേംനാഥ് നഗറിലാണ് 15,000 പ്രവർത്തകർ പങ്കെടുക്കുന്ന ലയന സമ്മേളനം നടക്കുക.

ആർജെഡി ദേശീയ പ്രസിഡന്റും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ്, ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, രാജ്യസഭാ പാർട്ടി നേതാവ് മനോജ് ഝാ തുടങ്ങിയ നേതാക്കൾ സമ്മേളനത്തിൽ പങ്കെടുക്കും. മഹാസമ്മേളനത്തിൽ ലാലു പ്രസാദ് യാദവും തേജസ്വി യാദവും ചേർന്ന് ആർജെഡി പതാക എം വിശ്രേയാംസ്‌കുമാറിന് കൈമാറും.

ആർജെഡിയിൽ ലയിക്കുന്നതോടെ ദേശീയ രാഷ്ട്രീയത്തിലേക്കുള്ള ഒരു വലിയ ചുവടുവെപ്പായിരിക്കും കേരളത്തിലെ ജനാധിപത്യ സോഷ്യലിസ്റ്റുകൾ നടത്തുന്നതെന്നും ശ്രേയാംസ്‌കുമാർ പറഞ്ഞു.