പീരുമേട്: കനത്ത മൂടൽ മഞ്ഞു മൂലം കൈലാസഗിരിയിൽ വഴിതെറ്റി കുടുങ്ങിയ വിനോദ സഞ്ചാരികള്ളെ അഗ്നി സേന എത്തി രക്ഷപ്പെടുത്തി. ഇരുട്ടിൽ വഴി കണ്ടെത്താൻ മണിക്കൂറുകളോളം കഷ്ടപ്പെട്ട മുണ്ടക്കയം ചെറുവള്ളി സ്വദേശികളായ അനന്ദു ബാലകൃഷ്ണൻ (24), വിനായകൻ (23), ശ്രീലാൽ (20), ജയദേവ് (20) എന്നിവരെയാണ് അഗ്നിരക്ഷാ സേന എത്തി താഴെയിറക്കിയത്. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം.

മുമ്പുണ്ടായ അപകടത്തിൽ ഇവരിൽ ഒരാളുടെ കാലിൽ കമ്പിയിട്ടിരുന്നു. ഇതുമൂലം ഇവർക്ക് മലയിറക്കം പ്രയാസമുള്ളതായിരുന്നു. പതിയെ മലയിറങ്ങുന്നതിനിടയിൽ കോടമഞ്ഞ് പടരുകയും ഇരുട്ടുകയുമായിരുന്നു. ഇതോടെ ഇവർ വഴിതെറ്റി എതിർദിശയിലേക്ക് നടന്നു. ഒരാൾപൊക്കത്തിലുള്ള പുല്ലും കാട്ടുചെടികളും വഴുക്കലുള്ള പാറക്കെട്ടും കൂടുതൽ വെല്ലുവിളിയായി. വഴി തെറ്റിയതോടെ, ഇവർ പീരുമേട് അഗ്‌നിരക്ഷാസേനയെ വിവിവരമറിയിച്ചു.

വൈകുന്നേരം ഏഴരയോടെ സീനിയർ ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർ മധുസൂദനന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. പ്രതികൂല കാലാവസ്ഥയും മൊബൈൽ ഫോണുകൾക്ക് റേഞ്ച് ഇല്ലാത്തതും വെല്ലുവിളിയായെങ്കിലും രണ്ടുമണിക്കൂറോളം തിരഞ്ഞ് ഇവരെ കണ്ടെത്തി. സീനിയർ ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർ മധുസൂദനനൊപ്പം ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ എ. അൻഷാദ്, ബിബിൻ സെബാസ്റ്റ്യൻ, അരുൺ, ഡ്രൈവർ സുനിൽ എന്നിവരും രക്ഷാപ്രവർത്തനത്തിൽ ഉണ്ടായിരുന്നു.

സമുദ്രനിരപ്പിൽനിന്നും മൂവായിരം അടിയോളം ഉയരമുള്ളതാണ് കൈലാസഗിരി. ആൾത്താമസമില്ലാത്ത പ്രദേശത്ത് നിരവധി സഞ്ചാരികൾ എത്താറുണ്ട്. രാത്രിയിലും പ്രതികൂലകാലാവസ്ഥയിലും ഇങ്ങോട്ടുള്ള യാത്ര അപകടം നിറഞ്ഞതാണ്. കൈലാസഗിരിയിലേക്കുള്ള വഴിയിൽ ഇതുസംബന്ധിച്ച സൂചനാബോർഡുകൾ സ്ഥാപിക്കണമെന്ന ആവശ്യം കാലങ്ങളായുണ്ട്.