നാഗർകോവിൽ: ഷോക്കേറ്റ് അമ്മയും രണ്ടു മക്കളും ദാരുണമായി മരിച്ചു. കന്യാകുമാരി ജില്ലയിലെ ആട്ടൂർ സ്വദേശികളായ ചിത്ര (46), മക്കളായ അശ്വിൻ (21), ആതിര (24) എന്നിവരാണ് മരിച്ചത്. വീടിന്റെ മേൽക്കൂരയിലേക്ക് വീണ വൈദ്യുതി കമ്പി എടുത്തു മാറ്റാൻ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റ അശ്വിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മൂവരുടേയും മരണം.

കന്യാകുമാരിൽ തുടർച്ചയായി പെയ്തുകൊണ്ടിരിക്കുന്ന മഴയ്ക്കിടെ ചൊവ്വാഴ്ചയാണ് അപകടം നടന്നത്. ഇവരുടെ വീടിന് സമീപത്തെ വൈദ്യുത വിളക്കിൽ നിന്നുള്ള വയറ് കനത്ത മഴയിൽ വീടിന്റെ മേൽക്കൂരയിലേക്ക് പതിച്ചിരുന്നു. ഇതിലൂടെ വെള്ളം ഒലിച്ചിറങ്ങിയതിനെ തുടർന്ന് അശ്വിൻ ഈ വയർ എടുത്തുമാറ്റാൻ ശ്രമിച്ചപ്പോഴാണ് ഷോക്കേറ്റത്. ഇയാളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അമ്മയ്ക്കും സഹോദരിക്കും ഷോക്കേറ്റു. മൂവരും മരിച്ചു.

ആതിര ഗർഭിണിയായിരുന്നു. മൂവരുടേയും മൃതദേഹം കുഴിതുറൈ സർക്കാർ ആശുപത്രിയിലേക്ക് പോസ്റ്റുമോർട്ടത്തിനായി മാറ്റി. സംഭവത്തിൽ തിരുവട്ടൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.