കുമളി: നെൽകൃഷിക്ക് കീടബാധ ഉണ്ടാവാതിരിക്കാൻ കീടനാശിനി തളിക്കുന്നതിനിടെ കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവകർഷകൻ മരിച്ചു. തേനി ജില്ലയിലെ ഗൂഢല്ലൂർ, മുനിസ്വാമി കോവിൽ തെരുവിൽ ഗുണശേഖരൻ (42) ആണ് മരിച്ചത്.

കഴിഞ്ഞ 26 ന് വയലിൽ കീടനാശിനി തളിക്കുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ട ഗുണശേഖരനെ ആദ്യം കമ്പം സർക്കാർ ആശുപത്രിയിലും പിന്നീട് തേനി മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന ഗുണശേഖരൻ തിങ്കളാഴ്ചയാണ് മരിച്ചത്.

ഗൂഢല്ലൂർ വെട്ടുകാട് ഭാഗത്ത് കൃഷിക്ക് കീടനാശിനി പ്രയോഗം നടത്തുന്നതിനിടെയാണ് മറ്റ് രണ്ട് കർഷകർ തളർന്നുവീണത്. തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ള ഇവരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. കൃഷിയിടത്തിൽ കർഷകർ ഉപയോഗിച്ച കീടനാശിനി സംബന്ധിച്ച് ഗൂഢല്ലൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.