പാലക്കാട്: പാലക്കാട് വണ്ടാഴിയിൽ കാട്ടുപന്നിക്കുവെച്ച വൈദ്യുതി കെണിയിൽനിന്നും ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. വണ്ടാഴി കരൂർ പുത്തൻപുരയ്ക്കൽ ഗ്രെയ്‌സി (63) ആണ് മരിച്ചത്. ഇന്ന് രാവിലെ സ്വന്തം കപ്പത്തോട്ടത്തിൽ മരിച്ച നിലയിൽ ഗ്രെയ്‌സിയെ കണ്ടെത്തുകയായിരുന്നു. ഒറ്റക്ക് താമസിക്കുന്ന ഗ്രെയ്‌സി സ്വന്തം കൃഷിയിടത്തിൽ പന്നിയെ പിടികൂടുന്നതിനായി കെണിവെച്ചിരുന്നു. വൈദ്യുതി കെണിയിൽ നിന്നും അബദ്ധത്തിൽ വൈദ്യുതാഘാതമേറ്റതാണെന്നാണ് പ്രാഥമിക നിഗമനം.

പറമ്പിലേക്കിറങ്ങുന്നതിനിടെ അബദ്ധത്തിൽ കമ്പിയിൽനിന്നു ഷോക്കേൽക്കുകയായിരുന്നെന്നാണ് വിവരം. വീടിനോടു ചേർന്നുള്ള കൃഷിയിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ മീൻ വിൽക്കാനെത്തിയ ആളാണ് മൃതദേഹം കണ്ടത്. ഇൻക്വസ്റ്റ് നടപടികൾക്കുശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി പാലക്കാട് ജില്ല ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

രണ്ടേക്കറോളം വരുന്നതാണ് ഇവരുടെ തോട്ടം. വന്യജീവിശല്യം കൂടുതലായുള്ള മേഖലയാണിത്. ഗ്രേസി ഒറ്റയ്ക്കാണ് താമസിക്കുന്നത്. രാവിലെ വൈദ്യുതിക്കെണി മാറ്റാൻ പോയപ്പോൾ ഷോക്കേറ്റതെന്നാണ് നിഗമനം.