- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാഹിയിൽ നിന്നും നാലായിരം ലിറ്റർ ഡീസൽ കടത്തിയ ടാങ്കർ ലോറി പിടികൂടി; നാലരലക്ഷം രൂപ പിഴയീടാക്കി
കണ്ണൂർ: കേന്ദ്രഭരണപ്രദേശമായ മാഹിയിൽ നിന്നും ടാങ്കർ ലോറിയിൽ അനധികൃതമായി കടത്തിയ നാലായിരം ലിറ്റർ ഡീസൽ ജി. എസ്. ടി. എൻഫോഴ്സ്റ്റ്മെന്റ് സക്വാഡ് തലശേരിയിലെ ദേശീയ പാതയിൽ നിന്നും പിടികൂടി. എൻഫോഴ്സ്മെന്റ് ഓഫീസർ സൽജിത്തിന്റെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ഇന്ധനക്കടത്ത് പിടികൂടിയത്. ടാങ്കർ ലോറി ഉടമയിൽ നിന്നും നാലരലക്ഷം രൂപ പിഴയീടാക്കിയതിനു ശേഷം ടാങ്കർ ലോറി വിട്ടുനൽകി.
മാഹിയിൽ നിന്നും അനധികൃതമായി കണ്ണൂർ ജില്ലയുടെ വിവിധഭാഗങ്ങളിലേക്ക് ഇന്ധനക്കടത്ത് വ്യാപകമായ പശ്ചാത്തലത്തിൽ കഴിഞ്ഞ ഒക്ടോബർ മുപ്പതിന് കണ്ണൂർ ജില്ലയിലെ പെട്രോൾ ബങ്ക് ഉടമകൾ പണിമുടക്ക് സമരം നടത്തി പ്രതിഷേധിച്ചിരുന്നു. ലക്ഷക്കണക്കിന് രൂപയുടെ നികുതിവരുമാനമാണ് മാഹിയിലെ ഇന്ധനക്കടത്തിലൂടെ കേരളത്തിന് നഷ്ടമാകുന്നത്.
ശ്രീജേഷ് , അനിൽകുമാർ, മഹേഷ് എന്നിവരടങ്ങിയ എൻഫോഴ്സ്മെന്റ് സ്‌ക്വാഡാണ് തലശേരി പഴയബസ് സ്റ്റാൻഡ് പരിസരത്തുനിന്നും ഇന്ധനം കടത്തിയ ടാങ്കർ ലോറി പിടികൂടിയത്. മാഹിയിൽ കേരളത്തിനെ അപേക്ഷിച്ചു പതിനഞ്ചുരൂപയോളം ഇന്ധനവിലയിൽ വ്യത്യാസമുണ്ട്. ഇതുമുതലടെുക്കാനാണ് കരിഞ്ചന്തയിൽ വിൽക്കുന്നതിനായി ഇന്ധനം കണ്ണൂർ ജില്ലയുടെ അതിർത്തിവഴി കടത്തുന്നത്. ഇതുകാരണം കണ്ണൂരിലെ ഇരുന്നൂറോളം പെട്രോൾ ബങ്കുകൾ അടച്ചുപൂട്ടൽ ഭീഷണിയിലാണെന്നു ചൂണ്ടിക്കാട്ടിയാണ് പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ പണിമുടക്ക് സമരം നടത്തിയത്.
പണിമുടക്കിൽ ഉടമകൾക്ക് പുറമേ ജീവനക്കാരും അണിചേർന്നിരുന്നു. കണ്ണൂർ കലക്ടറേറ്റിന് മുൻപിലേക്കാണ് കഴിഞ്ഞ ദിവസം പ്രതിഷേധമാർച്ചും ധർണയും നടത്തിയത്. പൊലിസിനും ജി. എസ്.ടി വകുപ്പിനുമെതിരെ അതിശക്തമായ വിമർശനമാണ് പെട്രോൾ പമ്പുടമകൾ ഉയർത്തിയത്. സ്‌കൂൾ വാഹനങ്ങളിൽ പോലും കന്നാസുകളിലായി അത്യന്തം അപകടകരമായ രീതിയിൽ മാഹിയിൽ നിന്നും പെട്രോൾ കടത്തുന്നതായി പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ ഭാരവാഹികൾ ആരോപണമുന്നിയിച്ചിരുന്നു.
ഇതിന്റെ ഭാഗമായി പ്രതിഷേധസമരം നടത്തുകയും കലക്ടറേറ്റ് മാർച്ചുൾപ്പെടെയുള്ള സമരപരിപാടികൾ നടത്തിയതിനെ തുടർന്നാണ് പൊലിസും ജി.എസ്ടി എൻഫോഴ്സ്മെന്റും ഉണർന്നു പ്രവർത്തിക്കാൻതുടങ്ങിയത്. നേരത്തെ രാത്രികാലങ്ങളിൽ റെയ്ഡു നടത്താൻ ആൾക്ഷാമം ചൂണ്ടിക്കാട്ടിയാണ് ഇവർ വഴിപാടുപോലെ പകൽസമയങ്ങളിൽ മാത്രം റെയ്ഡു നടത്തിയിരുന്നത്. ഇന്ധനക്കടത്തുകാർക്ക് കനത്ത പിഴയീടാക്കിയതോടെ അതിർത്തിയിലൂടെയുള്ള കള്ളക്കടത്ത് കുറയുമെന്നാണ് പെട്രോൾ പമ്പ് ഉടമകളുടെ പ്രതീക്ഷ.




