- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭക്ഷണം കഴിച്ചിട്ടു കടം പറഞ്ഞ കാശ് ചോദിച്ചതോടെ പ്രകോപിതനായി; ഹോട്ടലുടമയായ 67കാരിയെ ആക്രമിച്ച ശേഷം ഭക്ഷണത്തിൽ മണ്ണുവാരിയിട്ട് യുവാവ്
കൊല്ലം: ഭക്ഷണം കഴിച്ചിട്ട് കടം പറഞ്ഞ കാശ് ചോദിച്ചതിന് ഹോട്ടലുടമയായ 67കാരിയെ ആക്രമിച്ച ശേഷം ഭക്ഷണത്തിൽ മണ്ണുവാരിയിട്ട് യുവാവ്. വൃദ്ധയായ സ്ത്രീയുടെ പരാതിയിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചിറ്റാകോട് പുത്തൻനട ക്ഷേത്രത്തിനു സമീപം കെ.എസ്.നിവാസിൽ അനന്തു (33) ആണ് എഴുകോൺ പൊലീസിന്റെ പിടിയിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഹോട്ടലുടമയായ പട്ടികജാതി സ്ത്രീയെ അധിക്ഷേപിക്കുകയും ദേഹോപദ്രവം ഏൽപിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. ഇന്നലെ രാവിലെ 8.30ന് പരുത്തുംപാറ അക്ഷര ഹോട്ടലിൽ ആയിരുന്നു സംഭവം. മാറനാട് ചേലൂർവിള വീട്ടിൽ രാധ(67)യും മകൻ തങ്കപ്പനും ചേർന്നാണ് ഹോട്ടൽ നടത്തുന്നത്. രാവിലെ കടയിലെത്തിയ അനന്തു പൊറോട്ടയും ബീഫ് കറിയും കടമായി ആവശ്യപ്പെട്ടു.
മുൻപ് വാങ്ങിയതിന്റെ പണം തരാനുണ്ടെന്നും അതു തന്നിട്ടാകാം വീണ്ടും ഭക്ഷണം നൽകുന്നത് എന്നും രാധ പറഞ്ഞതോടെ കുപിതനായ പ്രതി രാധയുടെ കവിളിൽ കുത്തുകയും പുറത്തേക്കിറങ്ങി മണ്ണു വാരിക്കൊണ്ടു വന്നു പൊറോട്ടയിലും പാകം ചെയ്തു വച്ചിരുന്ന കറികളിലും ഇടുകയുമായിരുന്നു.



