- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരിൽ തീക്കളി തുടരുന്നു; ചക്കരക്കല്ലിൽ ബിജെപി പ്രവർത്തകന്റെ ബൈക്കിന് തീവച്ചു
കണ്ണൂർ: കണ്ണൂർ ജില്ലയിൽ തീക്കളി തുടരുന്നത് പൊലീസിന് തലവേദനായാകുന്നു. ചക്കരക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഴപ്പാലയിൽ ബിജെപി പ്രവർത്തകന്റെ ബൈക്ക് കത്തിച്ച സംഭവത്തിൽ പൊലിസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കി. മുഴപ്പാല കൈതപ്രത്തെ റിജുവിന്റെ ബൈക്കാണ് കത്തി നശിച്ചത്.
വ്യാഴാഴ്‌ച്ച പുലർച്ചെരണ്ടരയോടെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് അക്രമികൾ തീവെച്ചു നശിപ്പിക്കുകയായിരുന്നു. ബൈക്കിൽ നിന്നുള്ള തീ ആളിപ്പടർന്ന് വീടിന്റെ ചുമരിനും മറ്റും നാശം സംഭവിച്ചു. ശബ്ദംകേട്ടു വീട്ടുകാർ പുറത്തുവരുമ്പോഴെക്കും അക്രമികൾ രക്ഷപ്പെട്ടിരുന്നു. വിവരമറിഞ്ഞ്് ചക്കരക്കൽ എസ്. ഐ രമേശനും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. ബിജെപി ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസൻ, നേതാക്കളായ ടി.പി ശശിധരൻ, അരുൺ തുടങ്ങി നിരവധി പേർ വീട്ടിലെത്തി പ്രദേശത്തെ സി.സി.ടി.വി ക്യാമറകൾ പരിശോധിച്ചുവരികയാണെന്ന് പൊലിസ് അറിയിച്ചു.
ദിവസങ്ങൾക്കു മുൻപ് കോടിയേരി മൂഴിക്കരയിൽ ആർ. എസ്. എസ് പ്രവർത്തകന്റെ വീടിനുനേരെ ബോംബെറിഞ്ഞ സംഭവത്തിൽ ന്യൂമാഹി പൊലിസ് കേസെടുത്തിരുന്നു. കോടിയേരി മൂഴിക്കരയിൽ ശ്രേയസിൽ ഷാജി ശ്രീധരന്റെ വീടിനു നേരെയാണ് തിങ്കളാഴ്‌ച്ച പുലർച്ചെ ബോംബെറുണ്ടായത്. തിങ്കളാഴ്‌ച്ച പുലർച്ചെ ഒരുമണിക്ക് ശേഷമായിരുന്നു സംഭവമെന്നാണ് വീട്ടുകാർ പറയുന്നത്. വീടിനു മുറ്റത്താണ് ബോംബുവീണുപൊട്ടിയത്. പോർച്ചിൽ നിർത്തിയിട്ട കാറിനും ബുള്ളറ്റിനും കേടുപാടുകൾ പറ്റിയിട്ടുണ്ട്.
സംഭവത്തിൽ ഷാജി ശ്രീധരന്റെ പരാതിയിൽ ന്യൂമാഹി പൊലിസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. കണ്ണൂരിൽ നിന്നും ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി ബോംബെറുനടന്ന വീട്ടിൽ പരിശോധന നടത്തി. കഴിഞ്ഞ ദിവസമാണ് കോടിയേരിയിലും പരിസരപ്രദേശങ്ങളിലും കോടിയേരി ബാലകൃഷ്ണൻ അനുസ്മരണവും മറ്റുപരിപാടികളും നടന്നത്. ഇതിനു തൊട്ടടുത്ത ദിവസമാണ് ആർ. എസ്. എസ് പ്രവർത്തകന്റെ വീടിന് നേരെ അക്രമം നടന്നത്. കൂടുതൽ അനിഷ്ടസംഭവങ്ങളൊഴിവാക്കാൻ പൊലിസ് ജാഗ്രതപാലിച്ചുവരികയാണ്.
ഒരാഴ്‌ച്ച മുൻപ് പയ്യന്നൂർ രാമന്തളിയിൽ ഹെൽമെറ്റ് ധരിച്ചെത്തിയ മൂന്നംഗ സംഘം വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്ക് കത്തിച്ചു.വാട്ടർ അഥോറിറ്റിയുടെ ചെറുവത്തൂരിലെ ഓപ്പറേറ്റർ രാമന്തളി കുന്നരു വട്ടപ്പറമ്പ് ചാൽ പത്ത്‌സെന്റിലെ എംപി ഷൈനേഷിന്റെ ബൈക്കാണ് തീവെച്ചു നശിപ്പിച്ചത്. വെള്ളിയാഴ്‌ച്ച പുലർച്ചെ ഒന്നേ പത്തിന് വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്കിന് ഹെൽമെറ്റ് ധരിച്ചെത്തിയ മൂന്നു പേർ തീവയ്ക്കുകയായിരുന്നു. സംഘത്തിലൊരാൾ കുപ്പിയിൽ കൊണ്ടു വന്ന പെട്രോൾ ബൈക്കിന് മുകളിലൊഴിച്ചു തീവയ്ക്കുകയായിരുന്നു. ഇയാൾ തീപ്പെട്ടി ഉപയോഗിച്ചു തീകൊളുത്തുന്നതും തുടർന്ന് തീയാളി പടർന്നപ്പോൾ മൂന്നുപേരും ഓടിരക്ഷപ്പെടുന്നതും വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും ലഭിച്ചിട്ടുണ്ട്.
തീകൊളുത്തിയ ആൾ സ്ത്രീകളുപയോഗിക്കുന്ന മാക്‌സിയും മറ്റുരണ്ടുപേർ സമാനരീതിയിലുള്ള കറുപ്പ് വസ്ത്രവുമാണ് ധരിച്ചിരുന്നത്. തീയും പുകയും കണ്ടതിനെ തുടർന്ന് എഴുന്നേറ്റ വീട്ടുകാർ അയൽവാസികളുടെ സഹായത്തോടെ വെള്ളമൊഴിച്ചു തീയണച്ചുവെങ്കിലും ബൈക്ക് പൂർണമായും കത്തിനശിച്ചിട്ടുണ്ട്. വിവരമറിഞ്ഞെത്തിയ പയ്യന്നൂർ പൊലിസ് ഷൈനേഷിന്റെ പരാതിയിൽ കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. കണ്ണൂർ ജില്ലയുടെ പലഭാഗങ്ങളിലും രാഷ്ട്രീയ എതിരാളികളുടെ വീടിനുമുൻപിൽ ഭീഷണി കത്തു സഹിതം വയ്ക്കുന്ന റീത്തുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. പൊതുവെ സമാധാനം നിലനിൽക്കുന്ന ജില്ലയിൽ രാഷ്ട്രീയസംഘർഷങ്ങളുണ്ടാകുമോയെന്ന ആശങ്ക ജനങ്ങൾക്കുണ്ട്.




