കണ്ണൂർ: തലശ്ശേരി അതിരൂപതയുടെ എതിർപ്പ് കണക്കിലെടുത്ത് കണ്ണൂർ ജില്ലാ സ്‌കൂൾ കായിക മേള ഞായറാഴ്ചയിൽ നിന്ന് മാറ്റി. ശനിയാഴ്‌ച്ച മത്സരങ്ങൾ സമാപീക്കും. വ്യാഴം, വെള്ളി, ഞായർ എന്നീ ദിവസങ്ങളിലായി മേള നടത്താനായിരുന്നു നേരത്തെയെടുത്ത തീരുമാനം.

ഞായറാഴ്ച മേള നടത്തുന്നത് ക്രൈസ്തവർക്ക് ബുദ്ധിമുട്ടാകുമെന്നും തീരുമാനം മാറ്റണമെന്നും തലശ്ശേരി അതിരൂപത വികാരി ജനറാൾ ആന്റണി മുതുകുന്നേൽ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് മാറ്റം. ഡി.ഡി.ഇ വിളിച്ചു ചേർത്ത അടിയന്തിര യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ശനിയാഴ്ച കായിക അദ്ധ്യാപകരുടെ ക്ലസ്റ്റർ മീറ്റിങ് നടക്കുന്നതിനാലാണ് കായിക മേളയുടെ സമാപനം ഞായറാഴ്‌ച്ച നടത്താൻ തീരുമാനിച്ചിരുന്നത്. കായിക അദ്ധ്യാപകരുടെ ക്ലസ്റ്റർ യോഗം തിങ്കളാഴ്ചയിലേക്ക് മാറ്റിയിട്ടുണ്ട്.