- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒന്നര വർഷം കണ്ണൂർക്കാരുടെ ഉറക്കെ കെടുത്തിയ അർധ നഗ്‌നനായ മോഷ്ടാവ് പിടിയിൽ; അറസ്റ്റിലായത് 19 മോഷണക്കേസുകളിൽ പ്രതിയായ കോട്ടയം സ്വദേശി
കണ്ണൂർ: കണ്ണൂരിൽ ഒന്നര വർഷക്കാലം നാട്ടുകാരുടെയും പൊലീസിന്റെയും ഉറക്കം കെടുത്തിയ അർധ നഗ്‌നനായ മോഷ്ടാവിനെ പൊലീസ് പിടികൂടി. കോട്ടയം സ്വദേശിയും തളിപ്പറമ്പ് കുറ്റിക്കോൽ പൂവത്ത് താമസക്കാരനുമായ പുത്തൻവീട്ടിൽ ഷാജഹാൻ എന്ന ബൈജു (58) വാണ് അറസ്റ്റിലായത്. നിരവധി മോഷണക്കേസുകളിൽ പ്രതിയായ ഇയാളെ ടൗൺ പൊലീസ് ഇൻസ്‌പെക്ടർ പി.എ.ബിനുമോഹന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആണ് അറസ്റ്റ് ചെയ്തത്.
അർധ നഗ്നനായാണ് ഇയാൾ മോഷണം നടത്തിയിരുന്നത്. ഒന്നരവർഷമായി മോഷണം നടത്തി നാട്ടുകാരെ ഭീതിയിലാക്കിയ ബൈജു അടിവസ്ത്രവും ബനിയനും മാസ്‌കും ധരിച്ചാണ് വീടുകളിൽ എത്തിയിരുന്നത്. മോഷണം വ്യാപകമായതോടെ റസിഡന്റ്സ് അസോസിയേഷന്റെ സഹായത്തോടെ രാത്രിയിൽ പലയിടങ്ങളിലും പൊലീസ് കാവലിരുന്നു എങ്കിലും പ്രയോജനം ഉണ്ടായില്ല. ഇതിനിടെ രണ്ടിടങ്ങളിൽ പ്രതിയുടേതെന്ന് കരുതുന്നയാളുടെ ദ്യശ്യം പൊലീസിന് ലഭിച്ചു. 500-ലധികം സി.സി.ടി.വി. ദ്യശ്യങ്ങൾ പൊലീസ് പരിശോധിച്ചു. സംസ്ഥാനത്തെ മുഴുവൻ പൊലീസ് സ്റ്റേഷനിലും ജയിലുകളിലും സി.സി.ടി.വി. ദ്യശ്യങ്ങൾ അയച്ചു.
സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതിയുടെ രേഖാചിത്രം തയ്യാറാക്കി നടത്തിയ അന്വേഷണത്തിലാണ് പ്രതിയിലേക്കുള്ള സൂചന ലഭിച്ചത്. മോഷ്ടാവിന്റെ തുടർന്നുള്ള നീക്കം നിരീക്ഷിച്ച പൊലീസ് കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നും ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 2006 മുതൽ ജില്ലയ്ക്കകത്തും പുറത്തുമായി 19 മോഷണക്കേസിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. സ്വർണവും പണവും മോഷ്ടിച്ചതിനാണ് കേസുകൾ.
കാഞ്ഞങ്ങാട്-രണ്ട്, കണ്ണൂർ ടൗൺ-നാല്, തലശ്ശേരി-രണ്ട്, മാഹി-മൂന്ന്, ആലപ്പുഴ-രണ്ട്, കോട്ടയം-മൂന്ന്, നടക്കാവ്-മൂന്ന് എന്നിങ്ങനെ മോഷണക്കേസിൽ പ്രതിയാണ്. കണ്ണൂരിലും പരിസരങ്ങളിലും നിന്നായി 19 പവനും 4,000 രൂപയും മോഷ്ടിച്ചതിന് കേസുകളുണ്ട്. മോഷണക്കേസിൽ 12 വർഷം ജയിൽശിക്ഷ അനുഭവിച്ച് 2020-ലാണ് പുറത്തിറങ്ങിയത്.



