പയ്യന്നൂർ: കേന്ദ്രസർക്കാരിന്റെ സ്‌ക്രാപ്പിങ് പോളിസി നടപ്പാക്കിയത് മൂലം വിവിധ ജില്ലാ ആശുപത്രികളിലായി ഉപയോഗക്ഷമമല്ലാതായി കിടക്കുന്നത് 30 വാഹനങ്ങൾ. 15 വർഷം പഴക്കം ചെന്ന വാഹനങ്ങൾ പിൻവലിച്ചതോടെയാണ് ഇത്രയും വാഹനങ്ങൾ ജില്ലാ ആശുപത്രികളിൽ മാത്രം ഉപയോഗശൂന്യമായത്. ഇതുൾപ്പെടെ ആകെ 848 വാഹനങ്ങളാണ് ആരോഗ്യവകുപ്പിൽ ഈ വർഷം ഏപ്രിൽ മുതൽ ഉപയോഗിക്കാൻ കഴിയാതായത്.

ഇതിൽ 176 ആംബുലൻസുകളും എട്ട് മൊബൈൽ ക്ലിനിക്കുകളും 189 മിനി വാനുകളും 32 ഗുഡ്സ് കാരിയറുകളും 398 ജീപ്പുകളും 20 ഇരുചക്രവാഹനങ്ങളും ഉൾപ്പെടും. ഏപ്രിൽ ഒന്നുമുതലാണ് 15 വർഷമായ വാഹനങ്ങൾ നിരത്തിൽനിന്ന് പിൻവലിക്കാൻ കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയത്.

10 ജില്ലകളിലെ ജില്ലാ ആശുപത്രികളിലെ വാഹനങ്ങളാണ് കാലപ്പഴക്കത്തെത്തുടർന്ന് ഉപയോഗിക്കാൻ കഴിയാതായത്. തിരുവനന്തപുരം-അഞ്ച്, പത്തനംതിട്ട-രണ്ട്, ആലപ്പുഴ-രണ്ട്, കോട്ടയം-അഞ്ച്, ഇടുക്കി-ഒന്ന്, മലപ്പുറം-മൂന്ന്, കോഴിക്കോട്-രണ്ട്, വയനാട്-മൂന്ന്, കണ്ണൂർ-മൂന്ന്, കാസർകോട്-നാല് എന്നിങ്ങനെയാണ് ജില്ലാ ആശുപത്രികളിൽനിന്ന് ഉപയോഗിക്കാൻ കഴിയാതെ വന്നിട്ടുള്ള വാഹനങ്ങൾ.