കൊല്ലം: പോരുവഴി പെരുവിരുത്തി മലനട ദുര്യോധനക്ഷേത്രത്തിൽ 101 കുപ്പി വിദേശമദ്യം കാണിക്കയായി സമർപ്പിച്ചു. പുനലൂർ സ്വദേശികളും വിദേശമലയാളികളുമായ ഒരുകൂട്ടം ഭക്തർ ചേർന്നാണ് കാര്യസിദ്ദിഖായി മദ്യക്കുപ്പികൾ ക്ഷേത്രനടയിൽ സമർപ്പിച്ചത്.

ഒരു വലിയ കുപ്പിയും ബാക്കി 50 മി. ലിറ്റർ വീതമുള്ള വിവിധ ബ്രാൻഡുകളിലുള്ള മദ്യമാണ് വഴിപാടായി നൽകിയത്. മിക്കതും നല്ല വിലപിടിപ്പുള്ളതായിരുന്നു. ആകെ അഞ്ചു ലിറ്റർ മദ്യമാണ് ഉണ്ടായിരുന്നത്. വഴിപാടുവസ്തു എന്ന നിലയിൽ അവ മറ്റ് ഭക്തർ വാങ്ങുകയും ചെയ്തു. ദുര്യോധനാദികളുടെ കണക്കനുസരിച്ചാണ് 101 കുപ്പിയിൽ മദ്യം സമർപ്പിച്ചത്.

ദ്രാവിഡ സംസ്‌കാരം പിന്തുടരുന്ന ദുര്യോധനക്ഷേത്രമായ പെരുവിരുത്തി മലനടയിലെ ആചാരാനുഷ്ഠാനങ്ങൾ വ്യത്യസ്തമാണ്. വിശിഷ്ടമായ വഴിപാടായി കണക്കാക്കുന്നത് കള്ളാണ്. വെറ്റില അടുക്ക് (മുറുക്കാൻ), കോഴി, പട്ട്, കറുപ്പുകച്ച തുടങ്ങിയവയും വഴിപാടുകളാണ്. ശ്രീകോവിലോ വിഗ്രഹമോ ഇല്ലാത്ത ക്ഷേത്രവും മലനടയാണ്. പള്ളിപ്പാന ഉത്സവത്തിന്റെ ഭാഗമായി നടന്ന പറയെടുപ്പിനിടയിലും ഒരു ഭക്തൻ നിറപറ സമർപ്പിച്ചത് മദ്യംകൊണ്ടായിരുന്നു.