തിരുവനന്തപുരം: അമിത വേഗത്തിൽ സഞ്ചരിച്ച കാർ നിയന്ത്രണം തെറ്റി റോഡുവക്കിൽ നിർത്തിയിരുന്ന സ്‌കൂട്ടറിനെ ഇടിച്ച് തെറിപ്പിച്ച് കായലിലേക്ക് പതിച്ചു. കാർ വെള്ളത്തിൽ പൂർണ്ണമായി മുങ്ങിയെങ്കിലും അതിലുണ്ടായിരുന്ന മുന്ന് യുവാക്കൾ അത്ഭുതകരമായി രക്ഷപ്പെട്ടു. കാറിന്റെ വാതിൽ എളുപ്പത്തിൽ തുറക്കാൻ കഴിഞ്ഞതാണ് യുവാക്കൾക്ക് രക്ഷയായത്. ഇന്നലെ വൈകുന്നേരം നാലോടെ വെങ്ങാനൂർ വവ്വാമൂല കടവിൽ മൂല ബണ്ട് റോഡിലായിരുന്നു അപകടം.

മുട്ടക്കാട് ചിറയിൽ സ്വദേശികളായ അഭിരാം (18), വിനയ് (19), വിച്ചു (18) എന്നിവരാണ് കാറിന്റെ ഡോർ തുറന്ന്‌നീന്തി രക്ഷപ്പെട്ടത്. അമിത വേഗതയിൽ എത്തിയ ഇവരുടെ കാർ സമീപ വാസിയായ സുദർശൻ എന്നയാളുടെ സ്‌കൂട്ടറിനെ ഇടിച്ച ശേഷമാണ് വെള്ളയാണി കായലിൽ പതിച്ചത്. ബണ്ട് റോഡിൽ നിന്ന് വെള്ളത്തിലേക്ക് വീണ കാർ താഴുന്നതിനിടയിൽ യുവാക്കൾ രക്ഷപ്പെടുകയായിരുന്നു. പഴയ മോഡൽ മാരുതി കാറിന്റെ ഡോർ വേഗത്തിൽതുറക്കാനായതാണ് യുവാക്കൾക്ക് രക്ഷയായതെന്ന് നാട്ടുകാർ പറയുന്നു.

പുറത്ത് കാണാൻ പറ്റാത്ത തരത്തിൽ വെള്ളത്തിനടിയിലായ കാറിനെ, മീൻ പിടിക്കാൻ ഉപയോഗിക്കുന്ന വള്ളത്തിന്റെ സഹായത്തോടെ കമ്പ് കൊണ്ട് ഇടിച്ചാണ് കണ്ടെത്തിയത്. തുടർന്ന് മുങ്ങൽ വിദഗ്ദനായ മീൻ പിടിത്തക്കാരനെ കൊണ്ട് കാറിന്റെ ചെയിസിൽ വടം കെട്ടി കരയ്ക്ക് കയറ്റുകയായിരുന്നു. വിവരമറിഞ്ഞ് വിഴിഞ്ഞം പൊലീസും ഫയർ ഫോഴ്‌സും സ്ഥലത്ത് എത്തി. നാട്ടുകാരുടെ സഹായത്തോടെ കയർ ഉപയോഗിച്ച് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ കെട്ടിവലിച്ച് കാറിനെ കരക്കെത്തിച്ചു. കാർ കരയിൽ കയറ്റിയ ശേഷമാണ് സ്‌കൂട്ടർ വെള്ളത്തിൽ പോയ വിവരമറിയുന്നത്. തുടർന്ന് തിരെച്ചിൽ നടത്തിയ ഫയർ ഫോഴ്‌സ് അധികൃതർ സ്‌കൂട്ടറിനെയും കരയിലെത്തിച്ചു.