കൊച്ചി: എംഡിഎംഎ യുമായി മയക്കുമരുന്ന് വില്പനക്കാരൻ മട്ടാഞ്ചേരി പൊലീസിന്റെ പിടിയിൽ. സിറ്റിയിൽ മയക്കുമരുന്ന് വില്പനയും ഉപയോഗവും തടയുന്നതിന്റെ ഭാഗമായി മട്ടാഞ്ചേരി പൊലീസ് നടത്തിയ പ്രത്യേക പരിശോധനയിൽ മട്ടാഞ്ചേരി സാന്തഗോപാലൻ റോഡിൽ കുമാർ പമ്പ് ജംഗ്ഷൻ ഭാഗത്തു വച്ച് വില്പനയ്ക്ക് കൊണ്ടുവന്ന മയക്കു മരുന്നിനത്തിൽപ്പെട്ട 3.40 ഗ്രാം വരുന്ന എംഡിഎംഎ മായി യുവാവിനെ മട്ടാഞ്ചേരി പൊലീസ് ഇന്നലെയാണ് പിടികൂടിയത്. മട്ടാഞ്ചേരി കുവപ്പാടം, കൊച്ചിൻ കോളേജ് റോഡിൽ CC 12/208 BK യിൽ അജയകുമാർ മകൻ 29 വയസ്സുള്ള അഭിജിത്തിനെയാണ് അറസ്റ്റ് ചെയ്തത്.

പ്രതി പശ്ചിമകൊച്ചിയിലെ ചെറുപ്പക്കാരെയും, സ്‌കൂൾ കോളേജ് വിദ്യാർത്ഥികളെയും, ടൂറിസ്റ്റുകളേയും മറ്റും ലക്ഷ്യമാക്കി മയക്കുമരുന്ന് ഇടപാടുകൾ നടത്തുന്നതായി ജില്ല രഹസ്യാന്വേഷണ വിഭാഗം നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണർ മനോജ് കെ ആർ ന്റെ നിർദ്ദേശാനുസരണം മട്ടാഞ്ചേരി പൊലീസ് ഇൻസ്‌പെക്ടർ തൃദീപ് ചന്ദ്രന്റെ നേതൃത്വത്തിൽ ഇയാളെ നിരീക്ഷിച്ച് വരികയുമായിരുന്നു.

മട്ടാഞ്ചേരി പൊലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്‌പെക്ടർ ജിൻസൻ ഡൊമിനിക്,സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ശ്രീകുമാർ, എഡ്വിൻ റോസ്, വിഷ്ണു, സിവിൽ പൊലീസ് ഓഫീസർമാരായ ബേബിലാൽ, അബുതാലീബ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടി അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ മട്ടാഞ്ചേരി പൊലീസ് സ്റ്റേഷനിൽ കേസ്സ് രജിസ്റ്റർ ചെയ്തു. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. മയക്കുമരുന്നിന്റെ ഉറവിടം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.