തിരുവനന്തപുരം: പിന്നാക്ക സംവരണ പട്ടിക പുതുക്കുന്നതിനായി ജാതി സർവേ നടത്തുന്ന കാര്യത്തിൽ തീരുമാനമെടുക്കാതെ സംസ്ഥാന സർക്കാർ. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുൻപ് സർവേയിലേക്കു പോകുന്നത് അഭികാമ്യമല്ലെന്ന നിലപാടാണു സർക്കാരിന്. നിലവിൽ സംവരണത്തിൽ തൃപ്തരായ സമുദായങ്ങളിൽനിന്നു സർവേയോട് എതിർപ്പുണ്ടാകുമെന്നാണു സർക്കാർ കരുതുന്നത്.

രണ്ടു മുഖ്യ കാരണങ്ങളാണ് സർക്കാരിനു തടസ്സമായുള്ളത്. ഒന്ന്, സംസ്ഥാന വ്യാപകമായി സർവേ നടത്തുന്നതിന്റെ പണച്ചെലവ്. രണ്ട്, സർവേയുമായി മുന്നോട്ടു പോയാൽ വിവിധ സമുദായങ്ങളിൽനിന്ന് ഉണ്ടാകാനിടയുള്ള എതിർപ്പ്.

സെൻസസ് കേന്ദ്ര വിഷയം ആയതിനാൽ പകരം സർവേ നടത്താമെന്നാണ് സർക്കാരിനു കിട്ടിയിരിക്കുന്ന വിദഗ്ധ ഉപദേശം. നിയമപരമായ മറ്റു സാധ്യതകൾ പരിശോധിക്കുന്നുവെന്ന പേരിൽ നടപടിക്രമം നീട്ടിക്കൊണ്ടുപോകാനാണു സാധ്യത. ജാതി സർവേ നടത്തുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകാമെന്നറിയിച്ച് സംസ്ഥാന പിന്നാക്ക കമ്മിഷൻ സർക്കാരിനു കത്തു നൽകിയിട്ടുണ്ട്. സർവേ നടത്തിയാൽ സംവരണത്തിലൂടെ വിവിധ പിന്നാക്ക സമുദായങ്ങൾക്കു ലഭിച്ച സാമൂഹിക, സാമ്പത്തിക നേട്ടങ്ങൾ കൂടുതൽ വ്യക്തമാകുമെന്നാണു കമ്മിഷന്റെ വിലയിരുത്തൽ.

സർവേ നടത്തിയാൽ പട്ടികയിൽ നിന്ന് ചില സമുദായങ്ങൾ പുറത്തു പോകുകയും ചില സമുദായങ്ങൾ പുതുതായി പട്ടികയുടെ ഭാഗമാകുകയും ചെയ്യും. പിന്നാക്ക കമ്മിഷനും മുന്നാക്ക കമ്മിഷനും നൽകുന്ന ശുപാർശ കണക്കിലെടുത്താണു നിലവിൽ സമുദായങ്ങളെ പട്ടികകളിൽ ചേർക്കുന്നതും ഒഴിവാക്കുന്നതും. എന്നാൽ, സർവേ നടത്തി പട്ടിക അടിമുടി പരിഷ്‌കരിക്കുകയും സംവരണ ശതമാനത്തിൽ മാറ്റം വരുത്തുകയും ചെയ്യുക എളുപ്പമല്ല. നേരത്തേ ഹൈക്കോടതി നിർദേശിച്ചിട്ടും സർക്കാർ സർവേ നടത്താതിരുന്നതു പ്രതിഷേധം ഭയന്നാണ്.