തിരുവനന്തപുരം: ജനറൽ ആശുപത്രി വളപ്പിൽ മാലിന്യങ്ങൾ കുമിഞ്ഞുകൂടിയത് കണ്ടെത്തിയതിന് പിന്നാലെ ആശുപത്രി സൂപ്രണ്ടിന് തിരുവനന്തപുരം കോർപറേഷൻ പിഴയിട്ടു. സൂപ്രണ്ടിന് 10,000 രൂപ പിഴ ചുമത്തിയതിനു പുറമേ കൃത്യമായി മാലിന്യസംസ്‌കരണ സംവിധാനം ഒരുക്കാത്തതിനു കാരണം കാണിക്കൽ നോട്ടിസും നൽകി. ഉദ്യോഗസ്ഥ സംഘം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി.

ആശുപത്രി വളപ്പിൽ പ്ലാസ്റ്റിക് മാലിന്യം ഉൾപ്പെടെ നിറഞ്ഞു കിടക്കുന്നതായി മാധ്യമങ്ങളിൽ വാർത്ത വന്നതിന് പിന്നാലെ മന്ത്രി എം.ബി.രാജേഷിന്റെ നിർദേശപ്രകാരം തദ്ദേശ വകുപ്പിലെയും കോർപറേഷനിലെയും ഉന്നത ഉദ്യോഗസ്ഥ സംഘം സ്ഥലം പരിശോധിച്ചിരുന്നു.

മാലിന്യസംസ്‌കരണത്തിൽ വീഴ്ച വരുത്തുന്ന സർക്കാർ സ്ഥാപനങ്ങൾക്കു പിഴ ചുമത്തുന്നതും നോട്ടിസ് നൽകുന്നതും അപൂർവമാണ്. ഇത്തരം വീഴ്ച വരുത്തുന്ന മറ്റു സർക്കാർ സ്ഥാപനങ്ങൾക്കെതിരെയും നടപടി ആരംഭിക്കുമെന്നും തദ്ദേശ വകുപ്പ് സൂചിപ്പിച്ചു.

ആശുപത്രി ജീവനക്കാരോട് മാലിന്യം വലിച്ചെറിയരുതെന്നു നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അത് അനുസരിക്കാതെ മനഃപൂർവം വലിച്ചെറിയുന്നതാണെന്നും ആശുപത്രി സൂപ്രണ്ട് ഇൻചാർജ് പരിശോധനാ സംഘത്തെ അറിയിച്ചു. ഇതിന് എന്തു ശിക്ഷ നൽകിയാലും അനുസരിക്കാൻ തയാറാണെന്നും ഇനി ആവർത്തിക്കില്ലെന്നും സൂപ്രണ്ട് ഇൻ ചാർജ് വ്യക്തമാക്കി. കൂടിക്കിടക്കുന്ന മാലിന്യം മൂന്നു ദിവസത്തിനകം നീക്കം ചെയ്യണമെന്നും പരിശോധനാ സംഘം ആശുപത്രി സൂപ്രണ്ടിനോടു നിർദേശിച്ചു.

തദ്ദേശ വകുപ്പ് അഡീഷനൽ ഡയറക്ടർ, ജില്ലാ ജോയിന്റ് ഡയറക്ടർ, അർബൻ ജോയിന്റ് ഡയറക്ടർ (െഹൽത്ത്), ജില്ലാ അസിസ്റ്റന്റ് ജോയിന്റ് ഡയറക്ടർ, കോർപറേഷൻ അഡീഷനൽ സെക്രട്ടറി, ക്ലീൻ സിറ്റി മാനേജർ, മെഡിക്കൽ കോളജ് സർക്കിളിലെ 3 പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർമാർ എന്നിവർ അടങ്ങിയ സംഘമാണു പരിശോധന നടത്തിയത്.

ആശുപത്രിയിലും പരിസരത്തും ഹരിതചട്ടം പാലിക്കണം. ആശുപത്രി കന്റീനിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധിക്കണം. ഇവിടെ സ്റ്റീൽ പാത്രത്തിൽ മാത്രമേ ഭക്ഷണം നൽകാവൂ എന്നും നിർദേശിച്ചിട്ടുണ്ട്. മാലിന്യം വലിച്ചെറിയുന്ന ജീവനക്കാർക്കെതിരെ പിഴ ഈടാക്കാനും കോർപറേഷൻ നിർദേശിച്ചിട്ടുണ്ട്. ഇവ പാലിക്കുന്നുണ്ടോയെന്നു പരിശോധിക്കാനായി തുടർ പരിശോധന നടത്തും.

ഓരോ വാർഡിലും ബിന്നുകൾ സ്ഥാപിക്കണം. ആശുപത്രിക്കകത്ത് ജീവനക്കാരും രോഗികളും കൂട്ടിരിപ്പുകാരും ഒറ്റത്തവണ പ്ലാസ്റ്റിക് ഉപയോഗിക്കാൻ പാടില്ല. ഇക്കാര്യം ഇവരെ അറിയിക്കാൻ ബോർഡുകൾ വേണം. സ്ഥാപനത്തിൽ എംസിഎഫ് (മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റി ) സ്ഥാപിക്കണം.

ജനറൽ ആശുപത്രിയിൽ എല്ലാ വാർഡിലും മാലിന്യം വേർതിരിച്ചു സംസ്‌കരിക്കണമെന്നും ജൈവ മാലിന്യം ബയോഗ്യാസ് പ്ലാന്റിൽ മാത്രമേ സംസ്‌കരിക്കാവൂ എന്നും കോർപറേഷന്റെ നോട്ടിസിലും പരിശോധനാ സംഘത്തിന്റെ റിപ്പോർട്ടിലും നിർദേശിച്ചു. അജൈവമാലിന്യം വേർതിരിച്ച് യൂസർ ഫീ നൽകി ഹരിതകർമ സേനയ്ക്കു നൽകണമെന്നും മരുന്നു സ്ട്രിപ്പുകളും ചികിത്സയുടെ ഭാഗമായി ബാക്കി വരുന്ന ബയോ മെഡിക്കൽ മാലിന്യങ്ങളും അംഗീകൃത ഏജൻസിയായ 'ഇമേജി'നാണ് കൈമാറേണ്ടതെന്നും പരിശോധനാ സംഘം വ്യക്തമാക്കി.