കൊച്ചി: മുനമ്പത്ത് ഫൈബർ വള്ളം മുങ്ങി കടലിൽ കാണാതായ രണ്ട് മത്സ്യത്തൊഴിലാളികൾക്കായി തെരച്ചിൽ തുടരുന്നു. ചാപ്പാ കടപ്പുറം സ്വദേശി ഷാജി, ആലപ്പുഴ അർത്തുങ്കൽ സ്വദേശി രാജു എന്നിവർക്കായാണ് തെരച്ചിൽ. മത്സ്യത്തൊഴിലാളികളും കോസ്റ്റൽ പൊലീസും നാവിക സേനാംഗങ്ങളും അടങ്ങുന്ന വലിയ സംഘമാണ് തെരച്ചിൽ തുടരുന്നത്. മുനമ്പം, അഴീക്കോട് മേഖലകൾ കേന്ദ്രീകരിച്ചാണ് തെരച്ചിൽ.

കടലിൽ കാണാതായ നാല് പേരിൽ ചാപ്പാ സ്വദേശികളായ ശരത്തിന്റെയും മോഹനന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. ശരത്തിന്റെ മൃതദേഹം ഇന്നലെ തന്നെ സംസ്‌കരിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം മോഹനന്റെ മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

അഴിക്കോട് എഴ് ഭാഗത്ത് നിന്നാണ് ഇന്നലെ മൃതദേഹം കണ്ടെത്തിയത്.മാലിപ്പുറം കടപ്പുറത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ ഫൈബർ ബോട്ട് വ്യാഴാഴ്ച വൈകീട്ടാണ് അപകടത്തിൽപ്പെട്ടത്. മുനമ്പം തീരത്തിന് 10 നോട്ടിക്കൽ മൈൽ പരിധിയിൽ വച്ചായിരുന്നു അപകടം. ബോട്ടിലുണ്ടായിരുന്ന ഏഴ് പേരിൽ മൂന്ന് പേരെ അന്ന് രാത്രി തന്നെ രക്ഷിച്ചിരുന്നു.

കടലിനെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന രണ്ട് കുടുംബങ്ങളുടെ ആശ്രയമാണ് മുനമ്പത്ത് മത്സ്യബന്ധന ബോട്ടപകടത്തിൽ ഇല്ലാതായത്. അപകടത്തിൽപ്പെട്ട മൂന്ന് പേരും ഒരേ തുറക്കാരാണ്. അടുത്തടുത്ത് താമസിക്കുന്നവരുമാണ്. സർക്കാരിന്റെ ഇടപെടലും സഹായവും ഈ കുടുംബങ്ങൾ പ്രതീക്ഷിക്കുന്നു.