- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബില്ലുകൾ പാസാക്കാത്തതിൽ പ്രതിഷേധം; പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ എൻജിനീയറെ തടഞ്ഞുവച്ചു
തൃശ്ശൂർ: ബില്ലുകൾ പാസാക്കാത്തതിന്റെ പേരിൽ തൃശ്ശൂർ പഴയന്നൂർ ബ്ലോക്ക് പഞ്ചായത്തിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറെ ഓഫീസിൽ തടഞ്ഞുവച്ച് പ്രതിഷേധം. വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലായിരുന്നു സമരം. മണിക്കൂറുകളോളം നീണ്ട പ്രതിഷേധത്തിനൊടുവിൽ തിങ്കളാഴ്ച ബില്ലുകൾ ഒപ്പിട്ടു നൽകാമെന്ന് രേഖാമൂലം ഉറപ്പ് വാങ്ങിയാണ് ഉപരോധം അവസാനിപ്പിച്ചത്.
വള്ളത്തോൾ നഗർ പഞ്ചായത്തിലെ എൽ.എസ്.ജി.ഡി, തൊഴിലുറപ്പ് വിഭാഗങ്ങളിലായി ലക്ഷങ്ങളുടെ ബില്ലുകൾ പാസാക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു ഉപരോധം. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ തിങ്കളാഴ്ച മറ്റൊരിടത്തേക്ക് സ്ഥലം മാറി പോവുകയാണ്.
ഇതിന് മുമ്പ് ബില്ലുകൾ പാസാക്കി നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധക്കാർ രാവിലെത്തന്നെ ബ്ലോക്ക് പഞ്ചായത്തിൽ എത്തിയിരുന്നു. എന്നിട്ടും എൻജിനീയർ ബില്ല് പാസാക്കി നൽകിയില്ല. ഒടുവിൽ ഉച്ചയോടെ അവരെ തടഞ്ഞു വയ്ക്കുകയായിരുന്നു.
ഒരാഴ്ചയായി ബില്ലുകൾ പാസാക്കുന്നതിനായി പഞ്ചായത്ത് അധികൃതർ ഓഫീസ് കയറി ഇറങ്ങുന്നുവെങ്കിലും ഉദ്യോഗസ്ഥ ഒപ്പിടാൻ തയ്യാറാകുന്നില്ലെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.. എന്തുകൊണ്ടാണ് ബില്ല് പാസാക്കാത്തത് എന്നത് പോലും വ്യക്തമാക്കുന്നില്ലെന്നും പ്രതിഷേധക്കാർ പറയുന്നു.
ഒടുവിൽ പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷ്റഫിന്റെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിലാണ് സമരം അവസാനിപ്പിക്കുകയായിരുന്നു. ബില്ലുകൾ തിങ്കളാഴ്ച ഒപ്പിട്ടു നൽകാമെന്ന് രേഖാമൂലം ഉറപ്പ് ലഭിച്ചതിനെ തുടർന്നാണ് രാത്രിയോടെ ഉപരോധം അവസാനിപ്പിച്ചത്. വിവരമറിഞ്ഞ് പഴയന്നൂർ പൊലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു.




