കണ്ണൂർ: കോൺഗ്രസ് സോഷ്യൽ മീഡിയയെ ഉപയോഗിച്ചു വസ്തുതാപരമല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എൽ.ഡി.എഫ് അഞ്ചരക്കണ്ടി ലോക്കൽ കുടുംബ സംഗമം കാവിൻ മൂലയിലെ അഞ്ചരക്കണ്ടി ഹയർസെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഇതിനു വേണ്ടിയാണ് കെപിസിസി യോഗത്തിൽ സോഷ്യൽ മീഡിയ മാനേജർമാരെ കൂടിയിരുത്തിയത്. ആരോഗ്യ മന്ത്രിയുടെ ഓഫിസിനു നേരെയുള്ള ആരോപണം ഇത്തരത്തിൽ ഇവർ വലിയ തോതിൽ ഉയർത്തിയതാണ്. എന്നാൽ അതു പൊളിഞ്ഞു പോയി. ഇനിയും ഇത്തരത്തിലുള്ള ആരോപണങ്ങൾ നാം പ്രതീക്ഷിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട യു.ഡി.എഫിന്റെ 19 എംപിമാരും ബിജെപിയെ അലോസരപ്പെടുത്താൻ താൽപര്യപ്പെടുന്നില്ല. പാർലമെന്റിൽ അവർ കേരളത്തിന് വേണ്ടി വാദിക്കുന്നില്ലെന്നു മാത്രമല്ല കേരളത്തിന്റെ താൽപര്യങ്ങൾക്ക് എതിരെ സംസാരിക്കുകയും ചെയ്യുന്നു. കേരളത്തിന് നികുതി കുടിശിക അനുവദിക്കണമെന്ന ആവശ്യം ഉയർത്തി കേന്ദ്ര ധനകാര്യ മന്ത്രിയെ കാണാൻ എംപിമാരുടെ യോഗത്തിൽ തീരുമാതിച്ചതാണ് എന്നാൽ അവസാന നിമിഷം യു.ഡി.എഫ് എംപിമാർ ഇതിൽ നിന്നും പിന്മാറുകയായിരുന്നു..

കേരളത്തിൽ കേന്ദ്ര ഏജൻസികളെ കൊണ്ടുവരാൻ ഉത്സാഹം കാണിച്ചത് കോൺഗ്രസാണ് അതിന് അവർ ബിജെപിയുടെ സഹായം തേടിയെന്നു മാത്രം. നേരിട്ടു കേന്ദ്ര ഏജൻസികളെ കൊണ്ടുവരാൻ കഴിയാത്തതിനാലാണ് അവർ ബിജെപി യുടെ സഹായം തേടിയത്. ബിജെപിക്കാർ അതു ഉഷാറായി ചെയ്തു കൊടുക്കുകയും ചെയ്തു. രാജ്യത്തെ ഭിന്നിപ്പിക്കുകയും ജനങ്ങളെ വേർതിരിക്കുകയും ചെയ്യുന്ന ബിജെപി മൂന്നാമതും അധികാരത്തിൽ വന്നാൽ സർവനാശമാണ് ഉണ്ടാവുക. ഇതു തിരിച്ചറിഞ്ഞു കൊണ്ടു ദേശീയ തലത്തിൽ മതേതര ശക്തികൾ ഒന്നിച്ചിട്ടുണ്ട്.

ഈ കാര്യം ബോധ്യപ്പെട്ടതു കൊണ്ടാണ് കഴിഞ്ഞ ദിവസം നാല് സംസ്ഥാനങ്ങളിലെ പ്രതിപക്ഷ നേതാക്കളുടെ വീടുകളിൽ ബിജെപി കേന്ദ്ര ഏജൻസിയെ കൊണ്ടു റെയ്ഡ് നടത്തിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.