കൊച്ചി: ഇസ്രയേലിലുള്ള ഇന്ത്യക്കാരോട് അവരവരുടെ വാസസ്ഥലങ്ങൾക്കു സമീപം സുരക്ഷിതമായി തുടരാനുള്ള നിർദ്ദേശം ഇന്ത്യൻ എംബസി നൽകിയിട്ടുണ്ടെന്നു കേന്ദ്രമന്ത്രി വി.മുരളീധരൻ. ഇസ്രയേലിലെ നിലവിലെ സാഹചര്യം അവിടെയുള്ളവർക്കാണു കൂടുതലായി അറിയുന്നത്. ഏത് ആവശ്യത്തിനും എംബസിയിൽ ബന്ധപ്പെടാനും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

വേണ്ട സഹായങ്ങൾ നൽകാൻ എംബസി സജ്ജമാണ്. തീർത്ഥാടനത്തിനും മറ്റുമെത്തി ഇസ്രയേലിൽ കുടുങ്ങിക്കിടക്കുന്നവർക്ക് എംബസിയുമായി ബന്ധപ്പെടേണ്ട നമ്പറുകൾ ഉൾപ്പെടെ നൽകിയിട്ടുണ്ട്. അവിടെയുള്ള ഇന്ത്യക്കാരുടെ എണ്ണം സംബന്ധിച്ചും കൃത്യമായ ധാരണയുണ്ട്.

ആക്രമണം സംബന്ധിച്ച് ഇന്ത്യയുടെ നിലപാടു പ്രധാനമന്ത്രി മുൻപു തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇസ്രയേലിൽ നടന്ന തീവ്രവാദി ആക്രമണത്തിൽ നടുക്കം രേഖപ്പെടുത്തുകയും അവിടെയുള്ള ജനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നതായി വി.മുരളീധരൻ പറഞ്ഞു.