ന്യൂഡൽഹി: ഇന്ത്യയിലെ അറുപത് അത്ഭുതങ്ങൾ ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സ് 2024 ലക്കത്തിൽ ഇടംപിടിച്ചു. ശംഖുമുഖം ബീച്ചിലെ ശിൽപി കാനായി കുഞ്ഞിരാമന്റെ 'സാഗരകന്യക'യും മുകേഷ് അംബാനിയുടെ വസതിയും 1861ൽ രേഖപ്പെടുത്തിയ ചിറാപുഞ്ചിയിലെ മഴയും റെക്കോർഡിൽ ഇടംപിടിച്ചവയിൽ പെടുന്നു. ചിറാപുഞ്ചിയിലെ മഴയാണ് ഏറ്റവും പഴക്കമുള്ള ഇന്ത്യൻ റെക്കോർഡ്. 1861 ജൂലൈയിൽ പെയ്ത 366 ഇഞ്ച് (9,300 മില്ലി മീറ്റർ) മഴ ലോകത്ത് ഒരു മാസത്തിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന മഴയാണ്.

ലോകത്തെ ഏറ്റവും വലിയ ജലകന്യകാ ശിൽപം എന്ന റെക്കോർഡാണ് 'സാഗരകന്യക'യുടേത്. തിരുവനന്തപുരത്തെ ശംഖുമുഖം ബീച്ചിൽ സ്ഥാപിച്ചിരിക്കുന്ന ശിൽപത്തിന് 87 അടി നീളവും 25 അടി ഉയരവുമാണുള്ളത്. സോണി സബ് ചാനലിൽ 3,900 എപ്പിസോഡ് പിന്നിട്ട 'താരക് മേത്ത കാ ഉൾട്ട ചഷ്മ' ലോകത്തെ ഏറ്റവും ദൈർഘ്യമുള്ള ടിവി പരമ്പരയാണ്.

2022 ജൂലൈ 22ന് 3500 എപ്പിസോഡ് പിന്നിട്ടപ്പോഴാണ് പരമ്പര റെക്കോർഡിന് അർഹമായത്. റിലയൻസ് മേധാവി മുകേഷ് അംബാനിയുടെ 27 നിലയുള്ള മുംബൈയിലെ വസതിയായ 'ആന്റിലിയ' ലോകത്തിലെ ഏറ്റവും വലുതും ഉയരമുള്ളതും ചെലവേറിയതുമായ സ്വകാര്യഭവനമാണ്.