എരുമേലി: വനിതാ എസ്‌ഐ.യെ വാറന്റ് പ്രതി തലമുടിയിൽ കുത്തിപ്പിടിച്ച് മർദിച്ചു. എരുമേലി എസ്‌ഐ. ശാന്തി കെ.ബാബുവിനാണ് മർദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് എലിവാലിക്കര കമ്പിത്തോട്ടം കീച്ചേരിൽ ശ്രീധരനെ(72) പൊലീസ് കസ്റ്റഡിയിലെടുത്തു.

2013-ൽ അയൽവാസിയുമായുള്ള അടിപിടിക്കേസിൽ ശ്രീധരൻ കോടതിയിൽ ഹാജരാകാഞ്ഞതിനാൽ വാറന്റായി. കോടതിനിർദേശപ്രകാരം ശ്രീധരനെ പിടിക്കാൻ വീട്ടിലെത്തിയപ്പോഴാണ് മർദിച്ചതെന്ന് പൊലീസ് പറഞ്ഞു.

പൊലീസിനെ അസഭ്യം പറഞ്ഞ് വീടിനുള്ളിൽക്കയറി കതകടയ്ക്കാൻ ശ്രമിക്കുന്നതിനിടെ എസ്‌ഐ.യും പൊലീസുകാരും കതക് തള്ളിത്തുറന്ന് ശ്രീധരനെ വെളിയിലിറക്കി ബലപ്രയോഗത്തിലൂടെ ജീപ്പിൽ കയറ്റുകയായിരുന്നു. ഇതിനിടെയാണ് എസ്‌ഐ.യെ ൈകയേറ്റംചെയ്തത്. പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, വനിതാ എസ്‌ഐ.യെ കൈയേറ്റംചെയ്യൽ എന്നീ കുറ്റങ്ങൾക്കും ശ്രീധരന്റെപേരിൽ കേസെടുത്തതായി എരുമേലി എസ്.എച്ച്.ഒ. ഇ.ഡി.ബിജു പറഞ്ഞു.