- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്തനംതിട്ട: നവകേരളനിർമ്മിതിയുടെ ഭാഗമായി ജനങ്ങളുമായി സംവദിക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലങ്ങളിലേക്ക് എത്തുന്ന നവകേരളസദസ് പത്തനംതിട്ട ജില്ലയിൽ ഡിസംബർ 16, 17 തീയതികളിൽ നടക്കുമെന്ന് ആരോഗ്യ, വനിതാശിശു വികസന വകുപ്പു മന്ത്രി വീണാ ജോർജ് പറഞ്ഞു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന നവകേരളസദസ് ജില്ലാതല ആലോചനാ യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഡിസംബർ 16ന് വൈകിട്ട് ആറിന് തിരുവല്ലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 17 ന് നാലു നിയമസഭ മണ്ഡലങ്ങളിൽ ബഹുജനസദസ് നടക്കും. ഇതിനായുള്ള സംഘാടക സമിതി യോഗം റാന്നി നിയോജക മണ്ഡലത്തിൽ 21 നും, ആറന്മുള, തിരുവല്ല, അടൂർ, കോന്നി മണ്ഡലങ്ങളിൽ 25 നും ചേരും. മണ്ഡലാടിസ്ഥാനത്തിൽ യോഗം നടത്തിയതിനു ശേഷം ഒക്ടോബർ 31 ന് പഞ്ചായത്ത് സംഘാടകസമിതി യോഗം ചേരും.
നവകേരളസദസിന്റെ സംസ്ഥാനതല നടത്തിപ്പു ചുമതല ദേവസ്വം, പട്ടികജാതിപട്ടികവർഗപിന്നാക്ക ക്ഷേമ, പാർലമെന്ററികാര്യ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണനും ജില്ലയുടെ ചുമതല ജില്ലാ കളക്ടറിനുമാണ്. അതത് മണ്ഡലങ്ങളിൽ എം എൽ എ മാർ ചെയർമാന്മാരാകും. തിരുവല്ലയിൽ സബ് കളക്ടർ, അടൂരിൽ ആർ ഡി ഒ, അറന്മുളയിൽ എ ഡി എം, റാന്നിയിൽ റാന്നി തഹസീൽദാർ, കോന്നിയിൽ തദ്ദേശസ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ എന്നിവർ കൺവീനർമാരാകും. പഞ്ചായത്തുതലത്തിൽ പഞ്ചായത്തു പ്രസിഡന്റ് ചെയർമാനും, സെക്രട്ടറി നോഡൽ ഓഫീസറുമാകും.
നവകേരളസദസ് എല്ലാവരേയും ഉൾക്കൊള്ളിക്കുന്നതാണ്. എല്ലാവരും ഒന്നിച്ചു നിന്ന് കേരളത്തിന്റെ ഭാവി വികസനം, ജനക്ഷേമം എന്നിവ ചർച്ച ചെയ്യണം. വളരെ പ്രതീക്ഷയോടെയാണ് സർക്കാർ ഇതിനെ കാണുന്നത്. ജനങ്ങളുമായി കൂടുതൽ സംവദിക്കുന്നതിനും സമൂഹത്തിന്റെ ചിന്താഗതികൾ അടുത്തറിയുന്നതിനുമാണ് എല്ലാ നിയോജകമണ്ഡലങ്ങളിലും പര്യടനം നടത്തുന്നത്. ഇതിന്റെ ഭാഗമായി വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികളുമായുള്ള ജില്ലാതല കൂടിക്കാഴ്ചയും മണ്ഡലം കേന്ദ്രീകരിച്ച് ബഹുജനസദസും നടത്തും.
നവകേരള സദസിൽ പ്രത്യേകം ക്ഷണിതാക്കളായി സ്വാതന്ത്ര്യസമരസേനാനികൾ, ജനപ്രതിനിധികൾ, മുൻ ജനപ്രതിനിധികൾ, മഹിളാ യുവജനവിദ്യാർത്ഥി വിഭാഗത്തിൽനിന്ന് പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ടവർ, കോളജ് യൂണിയൻ ഭാരവാഹികൾ, പട്ടികജാതിപട്ടികവർഗ വിഭാഗത്തിലെ പ്രതിഭകൾ, കലാകാരന്മാർ, സെലിബ്രിറ്റികൾ, അവാർഡ് ജേതാക്കൾ, വിവിധ മതസാമുദായിക സംഘടനകളിലെ നേതാക്കൾ, മുതിർന്ന പൗരന്മാരുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കുമെന്നും മന്ത്രി പറഞ്ഞു.
എം എൽ എ മാരായ അഡ്വ. മാത്യു ടി തോമസ്, അഡ്വ. പ്രമോദ് നാരായൺ, അഡ്വ. കെ. യു. ജനീഷ് കുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ, ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ പ്രതിനിധി ഡി. സജി, എ ഡി എം ബി രാധാകൃഷ്ണൻ, ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു



