- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രാൻസ്പ്ലാന്റ് ഗെയിംസ് 2023; രജിസ്ട്രേഷൻ ആരംഭിച്ചു
കൊച്ചി: ഹാർട്ട് കെയർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 9-ന് കൊച്ചിയിൽ നടക്കുന്ന ട്രാൻസ്പ്ലാന്റ് ഗെയിംസ് 2023-ന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. പ്രമുഖ സിനിമാ താരം കുഞ്ചാക്കോ ബോബൻ കരൾ മാറ്റിവെക്കൽ ശസ്ത്രക്രീയയ്ക്ക് വിധേയനായ ബാബു കുരുവിളയ്ക്ക് ആദ്യ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നൽകിയാണ് രജിസ്‌ട്രേഷൻ ഉദ്ഘാടനം നിർവ്വഹിച്ചത്. അവയവദാതാക്കൾക്കും സ്വീകർത്താക്കൾക്കുമായാണ് ട്രാൻസ്പ്ലാന്റ് ഗെയിംസ് സംഘടിപ്പിക്കുന്നത്.
കടവന്ത്ര റീജിയണൽ സ്പോർട്സ് സെന്ററാണ് ഗെയിംസിന്റെ പ്രധാന വേദി. കലൂർ ജവഹർലാൽ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തിലും മത്സരങ്ങൾ നടക്കും. കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷൻ (കെ-സോട്ടോ), കൊച്ചി നഗരസഭ, കെഎംആർഎൽ, റീജിയണൽ സ്പോർട്സ് സെന്റർ, ജിസിഡിഎ, കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ്, ലിവർ ഫൗണ്ടേഷൻ ഓഫ് കേരള (ലിഫോക്) തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ഗെയിംസ് സംഘടിപ്പിക്കുന്നത്.
അവയവമാറ്റത്തിന് വിധേയമായവരും, ജീവിച്ചിരിക്കുന്ന അവയവദാതാക്കളും, മരണാനന്തരം അവയവദാനം നടത്തിയവരുടെ കുടുംബാംഗങ്ങളുമാണ് ഗെയിംസിൽ പങ്കെടുക്കുക. അവയവദാതാക്കളോടും അവരുടെ കുടുംബാംഗങ്ങളോടുമുള്ള ആദരവ് പ്രകടിപ്പിക്കുന്നതിനൊപ്പം അവയവ സ്വീകർത്താക്കളുടെ മനോവീര്യവും ആത്മവിശ്വാസവും ഉയർത്തുക എന്നതാണ് ട്രാൻസ്പ്ലാന്റ് ഗെയിംസിന്റെ പ്രധാന ലക്ഷ്യം. അവയവമാറ്റത്തിന് വിധേയമായവർക്ക് നിശ്ചിത കാലയളവിന് ശേഷം മറ്റ് മനുഷ്യരെ പോലെ സാധാരണ ജീവിതം നയിക്കാമെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്താനും അവയവദാനത്തിന്റെ സന്ദേശം പ്രചരിപ്പിക്കാനും ഈ ഗെയിംസിലൂടെ ഹാർട്ട് കെയർ ഫൗണ്ടേഷൻ ലക്ഷ്യമിടുന്നു.
7 വയസ് മുതൽ 70 വയസ് വരെ പ്രായമുള്ള വൃക്ക, കരൾ, ഹൃദയം, ശ്വാസകോശം, കൈ, പാൻക്രിയാസ്, കുടൽ തുടങ്ങിയ അവയവങ്ങൾ സ്വീകരിച്ചവർക്കും ദാതാക്കൾക്കും ഗെയിംസിൽ പങ്കെടുക്കാം. ഒരാൾക്ക് പരമാവധി മൂന്ന് ഇനങ്ങളിൽ പങ്കെടുക്കാവുന്നതാണ്. അവയവ സ്വീകർത്താക്കൾ ശസ്ത്രക്രിയ കഴിഞ്ഞ് കുറഞ്ഞത് ഒരു വർഷം പൂർത്തിയായിരിക്കണം. ഗെയിംസിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് https://www.heartcarefoundation.com എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. ഗെയിംസിൽ സന്നദ്ധസേവനം ചെയ്യാൻ താൽപര്യമുള്ളവർക്കും വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക- വിനു ബാബുരാജ്-+918075492364.




