നിലമ്പൂർ: പോക്‌സോ കേസിൽ പ്രതിയായ ആദിവാസി യുവാവിനെ പിടികൂടാനെത്തിയെ പാെലീസ് സംഘം കുട്ടികളയടക്കം കുടുംടബാംഗങ്ങളെ മർദിച്ചെന്നു പരാതി. മർദ്ദനമേറ്റ പോത്തുകൽ വെളുമ്പിയംപാടം ചേന്നൻപൊട്ടി കോളനിയിലെ സൂരജ് (17), സഹോദരി സ്‌നേഹപ്രിയ (15), മാതാവ് റീന (35) എന്നിവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ സൂരജിന്റെ വാരിയെല്ലിനു ക്ഷതമുണ്ട്.

വിധവയായ റീനയുടെ മകൻ ഉണ്ണിക്കുട്ടനെ (23) അന്വേഷിച്ചാണ് പൊലീസ് എത്തിയത്. വഴിക്കടവ് സ്റ്റേഷനിൽ 2019ൽ രജിസ്റ്റർ ചെയ്ത പോക്‌സോ കേസിൽ പ്രതിയാണ് ഉണ്ണിക്കുട്ടൻ. ഈ കേസിൽ കോടതിയിൽ ഹാജരാകാത്തതിന് പ്രതിക്കെതിരെ അറസ്റ്റ് വാറന്റുണ്ട്.സംഭവത്തെക്കുറിച്ച് റീന പറഞ്ഞതിങ്ങനെ: 'ഇന്നലെ പുലർച്ചെ 5.30ന് വഴിക്കടവ്, പോത്തുകല്ല് സ്റ്റേഷനുകളിലെ 6 പൊലീസുകാർ വീടിന്റെ പിൻവാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകയറി. മൂടിപ്പുതച്ച് ഉറങ്ങുയായിരുന്ന സൂരജിനെ ഉണ്ണിക്കുട്ടനാണന്നു കരുതി പിടികൂടി. തടയാൻ ശ്രമിച്ച എന്നെ ലാത്തികൊണ്ട് അടിച്ചു.

നെഞ്ചിനു ചവിട്ടി.ഇളയ മകൾ ദൃശ്യ(7), സ്‌നേഹപ്രിയ എന്നിവരെ മർദിച്ചു. ദൃശ്യയുടെ പാഠപുസ്തകങ്ങൾ വാരി മുറ്റത്തിട്ടു. ഇടപെട്ട സൂരജിനെ മുറിയിലേക്ക് കൊണ്ടുപോയി മർദിച്ചു. ഉണ്ണിക്കുട്ടനല്ലെന്ന് തിരിച്ചറിഞ്ഞതോടെ വിട്ടു. കോളനിയിൽ മറ്റൊരു വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന ഉണ്ണിക്കുട്ടനെ വാതിൽ ചവിട്ടിപ്പൊളിച്ച് കയറി പിടികൂടി സംഘം മടങ്ങി. പൊലീസിനെതിരെ നീങ്ങിയാൽ പൊലീസ് ജീപ്പ് കേടുവരുത്തിയെന്ന കേസിൽ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി ഉണ്ണിക്കുട്ടൻ സ്റ്റേഷനിൽനിന്ന് ഫോൺ ചെയ്തു പറയുന്നതിന്റെ ശബ്ദരേഖ കൈവശമുണ്ട്. കലക്ടർക്ക് പരാതി നൽകും'.

അതേസമയം, ആരോപണം അടിസ്ഥാനരഹിതമാണെന്ന് വഴിക്കടവ് ഇൻസ്‌പെക്ടർ മനോജ് പറയറ്റ പറഞ്ഞു. വാറന്റ് പ്രകാരം പിടികൂടാൻ മുൻപ് പലതവണ ശ്രമിച്ചപ്പോൾ ഉണ്ണിക്കുട്ടൻ കടന്നുകളഞ്ഞു. ഇത്തവണ കസ്റ്റഡിയിൽനിന്ന് ബലമായി പ്രതിയെ മോചിപ്പിക്കാൻ ബന്ധുക്കൾ ശ്രമിച്ചു.