എരുമേലി: ഇരുമ്പൂന്നിക്കരയിൽ കാട്ടാനക്കൂട്ടം 1500 ൽ അധികം കുലച്ച വാഴകൾ നശിപ്പിച്ചു. അടുത്ത മാസം വാഴക്കുലകൾ വെട്ടാൻ നിർത്തിയിരുന്നതാണ്. വാഴകൾ ചവിട്ടി നശിപ്പിച്ച ശേഷം ആനകൾ വാഴപ്പിണ്ടികൾ തിന്നു തീർക്കുകയും വാഴക്കുലകൾ ചവിട്ടി മെതിക്കുകയും ചെയ്തു. 7.5 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വനത്തിൽ നിന്ന് ഒന്നര കിലോമീറ്ററോളം അകലെയാണ് കൃഷി നടത്തിയ വേലിക്കാട്ടുപറമ്പ്. ആദ്യമായിട്ടാണ് ഇവിടെ കാട്ടാനകളുടെ ശല്യം ഉണ്ടാകുന്നത്.

പഞ്ചായത്ത് രണ്ട് തവണ മികച്ച വനിതാ കർഷകയ്ക്കുള്ള അവാർഡ് നൽകി ആദരിച്ച പാക്കാനം പുൽത്തിട്ട മറിയാമ്മ തോമസിന്റെ നേതൃത്വത്തിൽ മൂന്നു പേർ ചേർന്ന് ഇരുമ്പൂന്നിക്കര വേലിക്കാട്ടുപറമ്പിൽ മൂന്നര ഏക്കറിൽ നടത്തിയ കൃഷികളാണ് നശിപ്പിച്ചത്. 100 മൂട് കപ്പ, 500 മൂട് ചീമച്ചേമ്പ് എന്നിവയും ആനക്കൂട്ടം നശിപ്പിച്ചു. ഈ പറമ്പിൽ ഉണ്ടായിരുന്ന 2 വർഷം വളർച്ചയെത്തിയ 25 റബർ തൈകളും നശിപ്പിച്ചിട്ടുണ്ട്. പടിഞ്ഞാറേപ്പറമ്പിൽ പി.സി. ബൈജു, പൂവത്തുങ്കൽ പി.എം. റെജി എന്നിവരാണ് മറിയാമ്മയ്ക്ക് ഒപ്പം കൃഷി നടത്തിയത്. 2220 വാഴകൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉണ്ട്.

മൂന്നു വർഷത്തേക്കാണ് മറിയാമ്മയുടെ നേതൃത്വത്തിൽ ഭൂമി പാട്ടത്തിന് എടുത്ത് കൃഷി നടത്തുന്നത്. രണ്ടാം വർഷമാണിത്. കൃഷിവകുപ്പ്, വനം വകുപ്പ്, പഞ്ചായത്ത് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി നാശനഷ്ടം കണക്കാക്കി. ഇന്ന് കൃഷിവകുപ്പ് ഡപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിൽ വാഴത്തോട്ടം സന്ദർശിക്കും.

മൂന്നു ലക്ഷം രൂപയ്ക്ക് സ്വർണം പണയം വച്ചാണ് മറിയാമ്മയും മറ്റ് രണ്ടുപേരും വാഴക്കൃഷി നടത്തിയത്. ഇതുവരെ 4 വാഴക്കുലകൾ മാത്രമാണു വെട്ടിയത്. അടുത്ത ആഴ്ച 2 ലോഡ് വാഴക്കുലകൾ വിൽക്കാനായി ഏർപ്പാടാക്കിയിരുന്നു. ഇതിനിടെയാണ് കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചത്.