തിരുവനന്തപുരം: വെള്ളം കയറിയ വീടിനുള്ളിൽ താമസിച്ചിരുന്നയാളെ വെള്ളത്തിൽ വീണ് മരിച്ചനിലയിൽ കണ്ടെത്തി. വെട്ടുകാട് ബാലനഗർ ഈന്തിവിളാകം ടി.സി. 36/86 അജേഷ് ഭവനിൽ വിക്രമനെ(67) ആണ് മരിച്ചനിലയിൽ കണ്ടത്.

കഴിഞ്ഞദിവസം പെയ്ത മഴയിൽ വിക്രമന്റെ വീട്ടിലും വെള്ളം കയറിയിരുന്നു. തുടർന്ന് ഭാര്യ ഓമനയും മൂത്തമകൾ രജിതയും ചെറുമക്കളും കഴക്കൂട്ടത്തുള്ള വീട്ടിലേക്കു പോയിരുന്നു. എന്നാൽ, വിക്രമൻ പോയിരുന്നില്ല. തിങ്കളാഴ്ച രാവിലെ 11ഓടെ ആഹാരവുമായി എത്തിയപ്പോഴാണ് വെള്ളത്തിൽ വീണ് മരിച്ചനിലയിൽ കണ്ടെത്തിയത്.

തുടർന്ന് വലിയതുറ പൊലീസ് സ്ഥലത്തെത്തി. ഫൊറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. തുടർന്ന് മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം നടത്തിയശേഷം മൃതദേഹം മുട്ടത്തറ മോക്ഷകവാടത്തിൽ സംസ്‌കരിച്ചു. വലിയതുറ പൊലീസ് കേസെടുത്തു.