കോഴിക്കോട്: പൊലീസ് കസ്റ്റഡിയിലെടുത്ത ജെസിബി സ്റ്റേഷൻ വളപ്പിൽനിന്ന് കടത്തിക്കൊണ്ടുപോയ സംഭവത്തിൽ എസ്ഐക്ക് സസ്പെൻഷൻ. മുക്കം സ്റ്റേഷനിലെ എസ്ഐ നൗഷാദിനെയാണ് സസ്പെൻഡ് ചെയ്തത്. ജെസിബി സ്റ്റേഷൻ വളപ്പിൽനിന്ന് കടത്തിക്കൊണ്ടുപോകാൻ ഇയാൾ പ്രതികളെ സഹായിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കോഴിക്കോട് റൂറൽ എസ്‌പിയാണ് ഇയാളെ സസ്പെൻഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്.

കഴിഞ്ഞ ഒക്ടോബർ ഒന്പതിന് അർധരാത്രിയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത ജെസിബി പ്രതികൾ കടത്തിക്കൊണ്ടുപോയത്. പകരം മറ്റൊന്ന് കൊണ്ടുവയ്ക്കുകയും ചെയ്തിരുന്നു. സെപ്റ്റംബർ 19ന് കൊടിയത്തൂർ പുതിയനിടത്ത് അപകടത്തിൽ ഒരാളുടെ മരണത്തിനിടയാക്കിയ മണ്ണുമാന്തിയന്ത്രമാണ് ഉടമയുടെ മകനായ മാർട്ടിനും സംഘവും ചേർന്ന് കടത്തിക്കൊണ്ടുപോയത്.

അപകടം നടക്കുമ്പോൾ ജെസിബിക്ക് ഇൻഷുറൻസ് ഉണ്ടായിരുന്നില്ല. ഇതാണ് കസ്റ്റഡിയിൽ എടുത്ത ജെസിബി മാറ്റി, മറ്റൊന്ന് വയ്ക്കാൻ കാരണം. സംഭവത്തിൽ കൂമ്പാറ സ്വദേശിയായ മാർട്ടിൻ ഉൾപ്പെടെ ആറ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.