- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാസ്‌പോർട്ടിന്റെ പേരിൽ വ്യാജ സന്ദേശങ്ങൾ അയച്ച് തട്ടിപ്പ്; പണം നഷ്ടമായത് നിരവധി പേർക്ക്: ഓൺലൈനിൽ പണമടയ്ക്കാനുള്ള നിർദ്ദേശം വ്യാജമെന്ന് മുന്നറിയിപ്പ്
കൊച്ചി: പാസ്‌പോർട്ടിന്റെ പേരിൽ വ്യാജ സന്ദേശങ്ങൾ അയച്ച് പണം തട്ടുന്ന സംഘങ്ങൾ സജീവം. നിരവധി പേർക്ക് വൻ തുക നഷ്ടമായതായാണ് റിപ്പോർട്ട്. പാസ്‌പോർട്ടും പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും കുറിയറിൽ ലഭിക്കാൻ നിശ്ചിത തുക ഓൺലൈനായി അടയ്ക്കാൻ നിർദ്ദേശിച്ചുള്ള എസ്എംഎസ് സന്ദേശങ്ങൾ വ്യാജമാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഇത്തരം മെസേജുകൾ അയച്ച് വ്യാജ സംഘങ്ങൾ നിരവധി പേരിൽ നിന്നാണ് പണം തട്ടുന്നത്. ഓൺലൈൻ ലിങ്കുകളിൽ ക്ലിക്ക് ചെയ്തു വൻതുക നഷ്ടമാകുന്ന സംഭവങ്ങൾ പെരുകുന്ന പശ്ചാത്തലത്തിലാണു നടപടി.
വഞ്ചിക്കപ്പെടരുതെന്ന മുന്നറിയിപ്പുമായി സമൂഹമാധ്യമങ്ങളിൽ പാസ്‌പോർട്ട് അധികൃതരും ഇന്നലെ മുതൽ സന്ദേശങ്ങൾ നൽകിത്തുടങ്ങി. ഇന്ത്യൻ തപാലിലൂടെ മാത്രമേ പാസ്‌പോർട്ടുകൾ അയച്ചുകൊടുക്കൂ എന്നതിനാൽ സ്വകാര്യ കുറിയർ ഏജൻസികളിൽനിന്നെന്ന തരത്തിലുള്ള സന്ദേശങ്ങൾ അവഗണിക്കാനാണു നിർദ്ദേശം. പണമടയ്ക്കാനാവശ്യപ്പെട്ടു സന്ദേശങ്ങൾ അയയ്ക്കാറില്ലെന്നു തപാൽ വകുപ്പും വ്യക്തമാക്കി. ഇന്ത്യ പോസ്റ്റിന്റെ പേരുവച്ചും കഴിഞ്ഞ ദിവസങ്ങളിൽ വ്യാജ പേയ്‌മെന്റ് സന്ദേശം ലഭിച്ചതായി പരാതി ഉയർന്നിരുന്നു. 'ഇന്ത്യ പോസ്റ്റ്' എന്നതിന് 'ഇന്ത്യൻ പോസ്റ്റ്' എന്നാണ് ലിങ്കിൽ പേരു നൽകിയിരിക്കുന്നത്.
തൃശൂരിൽ പാസ്‌പോർട്ട് സേവാകേന്ദ്രത്തിൽ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന് അപേക്ഷിച്ച യുവതിയിൽനിന്ന് ഓൺലൈൻ കുറ്റവാളികൾ പണം തട്ടിയതു സംബന്ധിച്ചു കേസ് രജിസ്റ്റർ ചെയ്തിരുന്നു. പാസ്‌പോർട്ടിന് അപേക്ഷിച്ച ആലപ്പുഴ സ്വദേശിക്ക് ഒറ്റ ക്ലിക്കിൽ 90,700 രൂപയും പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന് അപേക്ഷിച്ച ഇടുക്കി ഉപ്പുതറ സ്വദേശിക്ക് ഒരു ലക്ഷം രൂപയും നഷ്ടമായതായി റിപ്പോർട്ട് ചെയ്തിരുന്നു. പാസ്‌പോർട്ട്, പൊലീസ് ക്ലിയറൻസ് അപേക്ഷകളുടെ തൽസ്ഥിതി അറിയാൻ നിലവിൽതന്നെ ട്രാക്കിങ് സംവിധാനമുണ്ട്. അപേക്ഷകളിൽ പൊലീസ് അന്വേഷണത്തിന്റെ തൽസ്ഥിതി അറിയാൻ https://evip.keralapolice.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം.



