കൊല്ലം: കെ.എസ്.ആർ.ടി.സി. ബസിൽ യാത്ര ചെയ്യവെ നഷ്ടമായ മൂന്നരപ്പവന്റെ താലിമാല കണ്ടെത്തി ഉടമയ്ക്ക് തിരികെ നൽകി ഡ്രൈവറും കണ്ടക്ടറും. പള്ളിക്കൽ ആനകുന്നം മൂഴിയിൽ പുത്തൻവീട്ടിൽ ഉണ്ണിമായയുടെ മാലയാണ് ബസിൽവെച്ച് നഷ്ടമായത്. താമരശ്ശേരി ഡിപ്പോയിലെ ഡ്രൈവർ കം കണ്ടക്ടർമാരായ മലപ്പുറം കോട്ടപ്പടി സ്വദേശി എൻ.വി.റഫീക്കും താമരശ്ശേരി സ്വദേശി എ.എം.റഫീക്കും ചേർന്നാണ് ബസിൽ നിന്നും മാല കണ്ടെത്തി തിരിച്ചുനൽകിയത്.

താമരശ്ശേരി-തിരുവനന്തപുരം സൂപ്പർ ഫാസ്റ്റിൽ തിങ്കളാഴ്ചയാണ് സംഭവം. കൊല്ലം റെയിൽവേ സ്റ്റേഷന് സമീപത്തുനിന്ന് രാത്രി എട്ടേമുക്കാലിനാണ് ഉണ്ണിമായയും ഭർത്താവ് ഷിജുവും ബസിൽ കയറിയത്. തിരൂരിലുള്ള സുഹൃത്തിന്റെ വീട്ടിൽപ്പോയി മടങ്ങിയതായിരുന്നു ദമ്പതിമാർ. പാരിപ്പള്ളിയിൽ ബസിറങ്ങി, വീട്ടിലെത്തിയപ്പോഴാണ് മാല നഷ്ടമായത് അറിഞ്ഞത്.

ഷിജുവിന്റെ സുഹൃത്ത് സന്തോഷ് ഉടൻതന്നെ താമരശ്ശേരി ഡിപ്പോയിൽ ബന്ധപ്പെട്ട് ഡ്രൈവറുടെയും കണ്ടക്ടറുടെയും നമ്പർ കണ്ടെത്തി അവരെ ബന്ധപ്പെട്ടു. തിരുവനന്തപുരത്ത് എത്തിയ ബസിൽനിന്ന് ജീവനക്കാർ പുറത്തെത്തിയിരുന്നു. പെട്ടെന്നുതന്നെ ബസിൽ പരിശോധന നടത്തി മാല കണ്ടെത്തി.

ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെ ഷിജുവും ഉണ്ണിമായയും ഡിപ്പോയിലെത്തി റഫീക്കുമാരിൽനിന്ന് മാല ഏറ്റുവാങ്ങി. ഇരുവർക്കും നന്ദിയറിയിച്ചശേഷമാണ് പള്ളിക്കലേക്ക് മടങ്ങിയത്.