കോഴിക്കോട്: വടകരയിൽ പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയുടെ വീടിന് നേരേ ആക്രമണം. വീടിന് നേരെ പെട്രോൾ ബോംബേറിഞ്ഞു. കോട്ടക്കടവ് കക്കട്ടിയിൽ സജീർ മൻസിലിൽ അബ്ദുൾ റസാഖി(61)ന്റെ വീടിന് നേരേയാണ് ബുധനാഴ്ച പുലർച്ചെയോടെ ആക്രമണമുണ്ടായത്.

വീടിന്റെ ചുമരിലാണ് ബോംബ് പതിച്ചത്. ചുമരിൽനിന്ന് തീപടർന്ന് കരിപിടിച്ചനിലയിലാണ്. വീട്ടിലെ ജനൽച്ചില്ലുകളും അടിച്ചുതകർത്തിട്ടുണ്ട്. പോക്സോ കേസിൽ കഴിഞ്ഞദിവസമാണ് അബ്ദുൾ റസാഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതിന് പിന്നാലെയാണ് ആക്രമണം.

വീടിന് സമീപം കളിക്കുകയായിരുന്ന പത്തുവയസ്സുകാരിയെ ഇയാൾ വീട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചെന്നായിരുന്നു പരാതി. സംഭവസമയത്ത് ഇയാളുടെ വീട്ടുകാർ പുറത്തുപോയിരിക്കുകയായിരുന്നു. പീഡനത്തിനിരയായി ഭയന്ന് കരഞ്ഞ പെൺകുട്ടിക്ക് പ്രതി മിഠായി വാങ്ങാനും പണം നൽകി. സംഭവം പുറത്തുപറയരുതെന്നും ഭീഷണിപ്പെടുത്തി.

എന്നാൽ, പെൺകുട്ടി വീട്ടുകാരെ വിവരമറിയിക്കുകയും ഇവർ പൊലീസിൽ പരാതി നൽകുകയുമായിരുന്നു. തുടർന്ന് പോക്സോ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. ഇതിനുപിന്നാലെയാണ് ബുധനാഴ്ച പുലർച്ചെയോടെ പ്രതിയുടെ വീടിന് നേരേ ആക്രമണമുണ്ടായത്.