കാസർകോട്: കാസർകോട് ബസിൽ പോകുന്നതിനിടെ വൈദ്യുതി തൂണിൽ തലയിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ചെമ്മനാട് ജമാഅത്ത് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥി എസ്. മൻവിത്ത്(15) ആണ് മരിച്ചത്. കാസർകോട് കറന്തക്കാട് ഇന്ന് വൈകിട്ടോടെയാണ് ദാരുണമായ സംഭവം. ബസ് യാത്രക്കിടെ വിദ്യാർത്ഥിയുടെ തല വൈദ്യുതി തൂണിൽ ഇടിക്കുകയായിരുന്നു.

അപകടമുണ്ടായ ഉടൻ തന്നെ ബസ് നിർത്തി വിദ്യാർത്ഥിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. മുമ്പും സമാനമായ രീതിയിൽ വയനാട്ടിൽ ഉൾപ്പെടെ ബസ് യാത്രക്കിടെ വൈദ്യുതി തൂണിൽ തലയിടിച്ച് വിദ്യാർത്ഥി മരിച്ച സംഭവം ഉണ്ടായിരുന്നു. റോഡിനോടു ചേർന്നുള്ള വൈദ്യുതി തൂണുകൾ പലപ്പോഴും അപകടഭീഷണി ഉയർത്തുന്ന സാഹചര്യമാണുള്ളത്.