കണ്ണൂർ: ഗതകാല പ്രൗഡിയിലേക്ക് ചുവടുവെച്ചു കണ്ണൂർ നഗരത്തിലെ സ്റ്റേഡിയം. ഒരു കാലത്ത് ഫെഡറേഷൻ കപ്പ്, ശ്രീനാരായണ ട്രോഫി തുടങ്ങി നിരവധി ഫുട്ബോൾ മത്സരങ്ങൾക്ക് വേദിയായ കണ്ണൂർ ജവഹർ സ്റ്റേഡിയം അടുത്തു തന്നെ കളിയാരവങ്ങൾക്ക് വീണ്ടും സാക്ഷിയാകും. നവീകരിച്ച ജവഹർ സ്റ്റേഡിയം സന്ദർശിച്ച കേരള ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് നവാസ് മീരാൻ ആണ് സ്റ്റേഡിയത്തിൽ അടുത്തു തന്നെ ശ്രീനാരായണ ട്രോഫി ഫുട്ബോൾ മത്സരങ്ങൾ പുനരാരംഭിക്കാൻ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് അറിയിച്ചത്.

ജവഹർ സ്റ്റേഡിയം വളരെ വിശാലവും മനോഹരവുമാണ്. കേരളത്തിൽ മറ്റെവിടെ ഫുട്ബോൾ മത്സരങ്ങൾ നടത്തുന്നതിനേക്കാൾ മെച്ചമായി മത്സരങ്ങൾ സംഘടിപ്പിക്കാൻ കണ്ണൂരിൽ സാധിക്കുമെന്നും ഏറ്റവും നല്ല ടീമുകളെ എത്തിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂരിന്റെ ഫുട്ബോൾ രംഗത്തെ പഴയ പ്രതാപം തിരിച്ചുകൊണ്ടുവരാനാണ് കോർപ്പറേഷൻ ശ്രമിക്കുന്നതെന്ന് മേയർ അഡ്വ.ടി ഒ മോഹനൻ പറഞ്ഞു. അതിനായാണ് സ്വന്തം നിലയിൽ ഏകദേശം 1 കോടി രൂപയോളം രൂപ ചെലവഴിച്ച് സ്റ്റേഡിയം നവീകരിച്ചത്. സ്റ്റേഡിയത്തിൽ ഫുട്ബോൾ മത്സരം നടത്തുന്നതിന് കേരള ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് പ്രത്യേകം താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിനാവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാൻ കോർപ്പറേഷൻ തയ്യാറാണെന്നും മേയർ പറഞ്ഞു.

അടുത്ത കാലത്താണ് കോർപ്പറേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി സ്റ്റേഡിയത്തിൽ പുല്ല് വെച്ച് പിടിപ്പിക്കുകയും ഇന്റർലോക്ക് പാകുന്നതും ഉൾപ്പെടെയുള്ള നവീകരണപ്രവൃത്തികൾ നടത്തിയത്. സ്റ്റേഡിയം സന്ദർശിക്കുന്നതിന് കെ എഫ് എ പ്രസിഡന്റിനും മേയറോടുമൊപ്പം സ്റ്റാന്റിങ് കമ്മിറ്റി ചെയർമാന്മാരായ എം പി രാജേഷ്, അഡ്വ.പി ഇന്ദിര, കൗൺസിലർ മുസ്ലിഹ് മഠത്തിൽ, സൂപ്രണ്ടിങ് എഞ്ചിനീയർ ടി മണികണ്ഠകുമാർ, കെ എഫ് എ നിർവ്വാഹക സമിതി അംഗം എ കെ ഷെരീഫ്, ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് സി സയീദ് എന്നിവരും ഉണ്ടായിരുന്നു.

നേരത്തെ സ്റ്റേഡിയം പുനർനിർമ്മിക്കുന്നതിനായി സ്പോർട്സ് കൗൺസിലിനെ മുൻനിർത്തി സർക്കാർ ഫണ്ട് അനുവദിക്കാൻ തയ്യാറായിരുന്നുവെങ്കിലും വാടക കരാറായതിനാൽ നഗരസഭ സ്വീകരിച്ചിരുന്നില്ല. കാടുപിടിച്ച സ്റ്റേഡിയം പുനർനിർമ്മിക്കാത്തത് കായിക പ്രേമികളെയും നിരാശരാക്കിയിരുന്നു.