- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യയെ വിറകുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; തടയാൻ ചെന്ന മകളെ അടിച്ച് പരിക്കേൽപ്പിച്ചു: പ്രതിക്ക് ജീവപര്യന്തം തടവും പിഴയും
കാസർകോട്: ഭാര്യയെ വിറകുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ഭർത്താവിനെ ജീവപര്യന്തം തടവും പിഴയും ശിക്ഷിച്ച് കോടതി.പുല്ലൂർ കാഞ്ഞിരടുക്കത്തെ ഗോപാലകൃഷ്ണൻ (73) ആണ് ജില്ലാ അഡീഷണൽ സെഷൻസ് (ഒന്ന്) കോടതി ജഡ്ജി എ. മനോജ് ശിക്ഷിച്ചത്. ഭാര്യയെ വിറകു കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയും തടയാൻ ചെന്ന മകളെ അടിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു. പിഴയായ ഒരുലക്ഷം രൂപ അടച്ചില്ലെങ്കിൽ രണ്ടുവർഷം അധികതടവ് അനുഭവിക്കണം.
മകളെ ആക്രമിച്ചതിന് വധശ്രമമുൾപ്പടെയുള്ള വകുപ്പിൽ 12 വർഷം തടവിനും മൂന്നുലക്ഷം രൂപ പിഴയടയ്ക്കാനുമാണ് കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ നാലുവർഷം അധികതടവും അനുഭവിക്കണമെന്ന് കോടതി വ്യക്തമാക്കി. 2019 ഡിസംബർ രണ്ടിന് വൈകിട്ടോടെ കാഞ്ഞിരടുക്കത്തെ വീട്ടിൽവച്ചാണ് പ്രതി ഭാര്യയെയും മകളെയും ആക്രമിച്ചത്. വിറകുകൊണ്ട് തലയ്ക്കടിയേറ്റ ഭാര്യ കല്യാണി (48) ആണ് മരിച്ചത്. അമ്മയെ അടിക്കുന്നത് തടയാൻ ശ്രമിച്ച മകൾ ശരണ്യയെയും (29) ഇയാൾ അക്രമിച്ചിരുന്നു.
ടി.വി. വെക്കുന്നത് ഭാര്യ വിലക്കിയതാണ് പ്രകോപനത്തിനും കൊലപാതകത്തിനും ഇടയാക്കിയതെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. മദ്യലഹരിയിലായിരുന്ന പ്രതി കൃത്യത്തിനുശേഷം അമ്പലത്തറ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയിരുന്നു. മകളെ പരുക്കേൽപിച്ചതിന് മൂന്ന് വകുപ്പുകളിലായാണ് 12 വർഷം കഠിന തടവിന് ശിക്ഷിച്ചത്. ഇതെല്ലാം കൂടി അഞ്ചുവർഷം അനുഭവിച്ചാൽ മതിയാകും. ഈ ശിക്ഷ പൂർത്തിയാക്കിയശേഷം മാത്രമേ ജീവപര്യന്തം തടവ് തുടങ്ങുകയുള്ളൂവെന്ന് വിധിയിൽ എടുത്തുപറഞ്ഞിട്ടുണ്ട്.
പിഴയായി അടയ്ക്കുന്ന തുക മകൾക്ക് നൽകാനും വിധിയിൽ പരാമർശമുണ്ട്. കേസിൽ കുറ്റപത്രം സമർപ്പിച്ചത് അമ്പലത്തറ എസ്‌ഐ. ആയിരുന്ന കെ. പ്രശാന്താണ്. പ്രോസിക്യൂഷനുവേണ്ടി ഗവ. പ്ലീഡർ ഇ. ലോഹിതാക്ഷൻ ഹാജരായി. കേസിൽ 28 പേരെ കോടതി വിസ്തരിച്ചു.



