പത്തനംതിട്ട: രണ്ട് വർഷം മുമ്പ് കുമ്പഴയിൽ അഞ്ചുവയസ്സുകാരിയെ കൊന്ന കേസിൽ വിചാരണയ്‌ക്കെത്തിച്ച പ്രതി കോടതിവളപ്പിൽ സ്വയം പരിക്കേൽപ്പിച്ചു. വിലങ്ങുകൊണ്ട് തലയ്ക്ക് ഇടിക്കുക ആയിരുന്നു. തമിഴ്‌നാട് സ്വദേശി അലക്‌സാണ് (25) സ്വയം് പരിക്കേൽപ്പിച്ചത്. പൂജപ്പുര സെൻട്രൽ ജയിലിൽനിന്നും എത്തിച്ച പ്രതിയെ കൊട്ടാരക്കര ജയിലിലേക്ക് റിമാൻഡ് ചെയ്തതാണ് പ്രകോപനത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.

പത്തനംതിട്ട കോടതിയിലെ വിചാരണയ്ക്കുശേഷം പുറത്തെത്തിച്ചപ്പോഴായിരുന്നു സംഭവം. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ നൽകി. ഇയാളുടെ പേരിൽ ആത്മഹത്യാശ്രമത്തിനും കേസ് രജിസ്റ്റർചെയ്തു. ഭാര്യയുടെ ആദ്യബന്ധത്തിലെ കുട്ടിയെയാണ് ഇയാൾ കൊലപ്പെടുത്തിയത്. 2021 ഏപ്രിൽ അഞ്ചിനാണ് സംഭവം. അന്ന് കുമ്പഴ കളീക്കൽപടിക്ക് സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇയാളും കുടുംബവും. ഭാര്യ കനകയ്ക്ക് ആദ്യഭർത്താവിലുണ്ടായ കുട്ടിയെയാണ് ഇയാൾ കൊലപ്പെടുത്തിയത്.

കുഞ്ഞിന്റെ ദേഹത്ത് 66 മുറിവുകളുണ്ടായിരുന്നു. അറസ്റ്റിലായ അലക്‌സ് അന്ന് പൊലീസ് കസ്റ്റഡിയിൽനിന്ന് ഓടിപ്പോയിരുന്നു. രാത്രി ശൗചാലയത്തിൽ പോകണമെന്നുപറഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് വിലങ്ങുമായി ഓടിയത്. പിറ്റേന്ന് കുമ്പഴ ഭാഗത്തുനിന്ന് പൊലീസ് വീണ്ടും പിടികൂടി.