- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓരോ മണ്ഡലങ്ങളിലേയും നവ കേരള സദസിന്റെ വേദികൾ രണ്ടു ദിവസത്തിനകം അന്തിമമാക്കും; നവ കേരള സദസ്: ആലപ്പുഴയിൽ ഒരുക്കങ്ങളും പുരോഗതിയും വിലയിരുത്തി മന്ത്രിമാർ
ആലപ്പുഴ: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ ജില്ലയിൽ നടത്തുന്ന നവകേരള സദസുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളും ഒരുക്കങ്ങളും വിലയിരുത്തി. മന്ത്രിമാരായ പി. പ്രസാദിന്റേയും സജി ചെറിയാന്റെയും സാന്നിധ്യത്തിൽ കളക്ടറേറ്റ് കോൺഫറൻസ് ചേർന്ന യോഗത്തിലാണ് ഒരുക്കങ്ങൾ വിലയിരുത്തിയത്.
ഓരോ മണ്ഡലങ്ങളിലേയും നവ കേരള സദസിന്റെ വേദികൾ രണ്ടു ദിവസത്തിനകം അന്തിമമാക്കണമെന്ന് മന്ത്രിമാർ നിർദ്ദേശിച്ചു. നിലവിൽ അരൂർ മണ്ഡലത്തിൽ ആര്യങ്കാവ് ക്ഷേത്രം മൈതാനം, ചേർത്തല മണ്ഡലത്തിൽ ചേർത്തല ഗവ. ബോയ്സ് സ്‌കൂൾ ഗ്രൗണ്ട്, ആലപ്പുഴയിൽ എസ്.ഡി.വി. സ്റ്റേഡിയം, അമ്പലപ്പുഴയിൽ പുന്നപ്ര കപ്പക്കട ഗ്രൗണ്ട്, ഹരിപ്പാട് മണ്ഡലത്തിൽ ഹരിപ്പാട് ഗവ. ബോയ്സ് സ്‌കൂൾ ഗ്രൗണ്ട്, കായംകുളത്ത് പട്ടാണിപ്പറമ്പ്, മാവേലിക്കരയിൽ ഗവ. ബോയ്സ് ഹൈസ്‌കൂൾ ഗ്രൗണ്ട്, കുട്ടനാട്ടിൽ നെടുമുടി പാലത്തിന് സമീപമുള്ള ഗ്രൗണ്ട്, ചെങ്ങന്നൂർ മണ്ഡലത്തിൽ ബിസിനസ് ഇന്ത്യ ഗ്രൗണ്ട് എന്നിവിടങ്ങളാണ് നവകേരള സദസിന്റെ വേദികളായി തിരഞ്ഞെടുത്തിട്ടുള്ളത്. ഈ സ്ഥലങ്ങളൊക്കെയും ജില്ലാ കളക്ടറും മറ്റു ജനപ്രതിനിധികളും ചേർന്ന് സന്ദർശിക്കണമെന്ന് മന്ത്രി പി. പ്രസാദ് നിർദ്ദേശിച്ചു.
ഗ്രാമപഞ്ചായത്ത്, ബൂത്തുതല കമ്മിറ്റികൾ അടിയന്തരമായി വിളിച്ചു ചേർക്കണമെന്ന് മന്ത്രി സജി ചെറിയാൻ നിർദ്ദേശിച്ചു. നവംബർ ഒന്നിനും 15നും ഇടയ്ക്കായി വീട്ടുമുറ്റ യോഗങ്ങൾ ചേരണം. ഓരോ യോഗങ്ങളിലും പരമാവധി ജനപങ്കാളിത്തം ഉറപ്പാക്കണം. ഓരോ മണ്ഡലങ്ങളിലെയും സബ് കമ്മിറ്റികൾ അന്തിമമാക്കി അവയുടെ പ്രവർത്തനം ഉടൻ ആരംഭിക്കണം. അതത് മണ്ഡലങ്ങളിലെ ചെയർമാനും ജനറൽ കൺവീനറും ഇവയുടെ മേൽനോട്ടം വഹിക്കണം.
പ്രാദേശികമായി വിളിച്ചുചേർക്കുന്ന സ്വാഗതസംഘ രൂപീകരണ യോഗങ്ങളിൽ മണ്ഡലങ്ങളിലെ ചെയർമാനായ എംഎൽഎമാരും ജനറൽ കൺവീനറായ ഉദ്യോഗസ്ഥരും പങ്കെടുക്കണം. നവ കേരള സദസ് നടത്തുന്നതിനായുള്ള പന്തൽ, സറ്റേജ്, മറ്റ് അനുബന്ധ ക്രമീകരണങ്ങൾ എന്നിവ സമയബന്ധിതമായി പൂർത്തിയാക്കണം. സംസ്ഥാനതലത്തിൽ നിന്നും തയ്യാറാക്കി നൽകുന്ന ലഘുലേഖയും മുഖ്യമന്ത്രിയുടെ പ്രത്യേക ക്ഷണക്കത്തും എല്ലാ വീടുകളിലും എത്തുന്നുണ്ടെന്ന് കമ്മിറ്റികൾ പ്രത്യേകം ഉറപ്പാക്കണം. നവ കേരള സദസുമായി ബന്ധപ്പെട്ട് വിവിധ കലാപരിപാടികൾ, സെമിനാറുകൾ, ഡോക്കുമെന്ററികൾ തുടങ്ങിയവ സജ്ജീകരിക്കണം.
ആലപ്പുഴയിലും കായംകുളത്തും നടക്കുന്ന പ്രഭാത യോഗങ്ങളിലേക്കുള്ള ക്ഷണിതാക്കളുടെ പട്ടിക തയ്യാറാക്കണം. കുട്ടികൾക്കായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ നടത്തണം. എല്ലാ വകുപ്പുകളുടെയും പങ്കാളിത്തം ഉറപ്പാക്കിയുള്ള പ്രവർത്തനം വേണം നടത്താൻ. ഓരോ മണ്ഡലങ്ങളിലും ഇതുവരെ നടപ്പാക്കിയ പ്രവർത്തനങ്ങളും യോഗത്തിൽ വിലയിരുത്തി. മണ്ഡലതല സ്വാഗതസംഘ രൂപീകരണ യോഗങ്ങളിൽ മികച്ച ജനപങ്കാളിത്തമാണ് ഉണ്ടായതെന്ന് മന്ത്രിമാർ വിലയിരുത്തി. ഇതിനായി പ്രവർത്തിച്ച മുഴുവൻ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും പ്രത്യേകം അഭിനന്ദിക്കുന്നതായും മന്ത്രിമാർ പറഞ്ഞു.
യോഗത്തിൽ എ.എം. ആരിഫ് എംപി, എംഎൽഎ.മാരായ എച്ച്. സലാം, പി.പി. ചിത്തരഞ്ജൻ, തോമസ് കെ. തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, നഗരസഭ ചെയർപേഴ്സൺ കെ.കെ. ജയമ്മ, സബ് കളക്ടർ സൂരജ് ഷാജി, വിവിധ നിയോജക മണ്ഡലങ്ങളിലെ കൺവീനർമാർ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു



